ശീതകാല ഷെഡ്യൂളിലും 
കരിപ്പൂരിന്‌ അവഗണന ; പുതിയ സർവീസുകൾ ഇല്ല



കരിപ്പൂർ ശീതകാല ഷെഡ്യൂളിലും കരിപ്പൂർ വിമാനത്താവളത്തിന് അവഗണന. പുതിയ സർവീസുകളൊന്നും അനുവദിച്ചില്ല. ഷെഡ്യൂളിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കരിപ്പൂർ–-ജിദ്ദ വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റംവരുത്തി. രാവിലെ 9.20ന് പറക്കേണ്ട വിമാനം രാത്രി 7.55നാണ് പുറപ്പെടുക. കേന്ദ്ര സർക്കാർ കരിപ്പൂരിനോട് കാണിക്കുന്ന കടുത്ത അവഗണന ശീതകാല ഷെഡ്യൂളിലും പ്രകടമായി. പല വിദേശ വിമാനകമ്പനികളും കരിപ്പൂരിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. പുതിയ ആഭ്യന്തര സർവീസുകളും ഷെഡ്യൂളിലില്ല. നിർത്തലാക്കിയ കരിപ്പൂർ–-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കാനും നടപടിയില്ല. സ്വകാര്യ വിമാനകമ്പനിയായ ഫ്ളൈ 801 കരിപ്പൂരിൽനിന്ന്‌ ഗോവയിലേക്ക് സർവീസ് തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. നിലവിൽ സർവീസ് നടത്തിയിരുന്ന സ്‌പൈസ് ജറ്റ് കരിപ്പൂർ–- മുംബൈ, എയർ ഇന്ത്യ കരിപ്പൂർ–-മുംബൈ സർവീസുകളും നിർത്തി. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു മാത്രമാണ് നിലവിൽ കരിപ്പൂരിൽനിന്ന്‌ ആഭ്യന്തര സർവീസുള്ളത്‌. കരിപ്പൂരിലേക്കുള്ള വിദേശ സർവീസുകളും വിമാനകമ്പനികൾ വെട്ടിക്കുറച്ചിട്ടുണ്ട്‌. പ്രതിദിനം സർവീസുണ്ടായിരുന്ന ഗൾഫ് എയർ ആഴ്ചയിൽ നാലുദിവസമായി ചുരുക്കി. നവംബർ നാലുമുതൽ ബഹറൈനിൽനിന്ന്‌ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമേ സർവീസ് നടത്തൂ. സ്‌പൈസ് ജറ്റ് എയർലൈൻസിന്റെ കരിപ്പൂർ– ജിദ്ദ സർവീസും നിർത്തി. കരിപ്പൂർ– റിയാദ് റൂട്ടിൽ സൗദി എയർലൈൻസ് ഡിസംബർ മൂന്നുമുതൽ സർവീസ്‌ പുനരാരംഭിക്കുന്നതാണ് പ്രവാസികൾക്ക് ഏക ആശ്വാസം.188 പേർക്ക് യാത്ര ചെയ്യാവുന്ന എ 321 ഇനത്തിലുള്ള എയർക്രാഫ്റ്റാണ് സൗദി സർവീസിന് ഉപയോഗിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദ, ദമാം, മദീന, തായിഫ്, യാംബു, അബഹ, ജിസാൻ എന്നീ സൗദി നഗരങ്ങളിലേക്ക് കണക്‌ഷൻ സർവീസുണ്ടാകും. ഇൻഡിഗോ കരിപ്പൂർ ഫുജൈറ സർവീസിന് ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. Read on deshabhimani.com

Related News