ദേശീയപാത ഫ്ലൈഓവർ നിർമാണം; കരുനാഗപ്പള്ളിയിൽ മണ്ണുപരിശോധന തുടങ്ങി
കരുനാഗപ്പള്ളി > ദേശീയപാത - 66 വികസനത്തിന്റെ ഭാഗമായുള്ള ഫ്‌ളൈ ഓവർ നിർമാണത്തോട് അനുബന്ധിച്ചുള്ള മണ്ണുപരിശോധന തുടങ്ങി. കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷന് എതിർ വശത്തായാണ് മണ്ണുപരിശോധന നടക്കുന്നത്. ജില്ലയിൽ ഓച്ചിറയ്ക്കും പാരിപ്പള്ളിയ്ക്കും ഇടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഏഴിടത്താണ് ഫ്‌ളൈ ഓവറുകൾ നിർമിക്കുന്നത്. കരുനാഗപ്പള്ളി ടൗൺ, കൊല്ലത്ത് കൊല്ലം - തേനി ദേശീയപാത മുറിച്ചുകടക്കുന്ന ഭാഗം, കൂനമ്പായിക്കുളം റോഡ്, കൊല്ലം ബൈപാസ് സമാപിക്കുന്നിടം, കൊട്ടിയം ജങ്‌ഷൻ, ചാത്തന്നൂർ ജങ്‌ഷൻ, പാരിപ്പള്ളി ജങ്‌ഷൻ എന്നിവിടങ്ങളിലാണ് ഫ്‌ളൈ ഓവറുകൾ നിർമിക്കാൻ രൂപരേഖയിൽ നിർദേശമുള്ളത്. ഇതിൽ പലയിടത്തും മണ്ണുപരിശോധന തുടങ്ങിയതായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള വിശ്വസമുദ്ര കമ്പനിയാണ് കരുനാഗപ്പള്ളിയിൽ മണ്ണുപരിശോധന നടത്തുന്നത്. ആറിടത്ത് വലിയപാലങ്ങളും നാലിടത്ത് ചെറിയപാലങ്ങളും ഉണ്ടാകും. കന്നേറ്റിപാലം, നീണ്ടകര പാലം, കൊല്ലം ബൈപാസിൽ കൊല്ലം- –- കോട്ടപ്പുറം ജലപാതയ്ക്ക് മുകളിൽ, പിള്ളവീട് കായലിനു സമീപം, കോട്ടയ്ക്കകം, ഇത്തിക്കര നദിക്ക് കുറുകെ എന്നിവിടങ്ങളിലാണ് വലിയ പാലങ്ങൾ നിർമിക്കുക. ചവറ പാലം, അയത്തിൽ പാലം, ചുങ്കത്തറ തോടിനെ കുറുകെ രണ്ടിടത്ത് എന്നിവിടങ്ങളിലാണ് ചെറിയ പാലങ്ങൾ നിർമിക്കുക. നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കൊപ്പം കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവർത്തനവും കരുനാഗപ്പള്ളി യൂണിറ്റിൽ പുരോഗമിക്കുകയാണ്. പുത്തൻതെരുവിലാണ് കെട്ടിടം പൊളിക്കൽ നടക്കുന്നത്. നഷ്ടപരിഹാരമായി ജില്ലയിൽ ഇതുവരെ 492 കോടി രൂപ നൽകി. സ്ഥലം ഏറ്റെടുക്കൽ ഈ മാസം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ, കരുനാഗപ്പള്ളി ഉൾപ്പടെയുള്ള നഗരങ്ങളിൽ സൈഡ് കെട്ടിമറച്ചുകൊണ്ടുള്ള ഫ്ലൈ ഓവറുകൾ നിർമിക്കുന്നതിനെതിരെ വ്യാപാരികൾ ഉൾപ്പടെ പ്രതിഷേധത്തിലാണ്. Read on deshabhimani.com