"ഇത്രയും വിലക്കുറവിൽ കിട്ടുമെന്ന്‌ വിചാരിച്ചതേയില്ല , ഞങ്ങൾക്കിത്‌ 
പ്രതീക്ഷയുടെ 
കൗണ്ടർ"

കാരുണ്യ സ്പർശം ഫാർമസി കൗണ്ടറുകളുടെ സംസ്ഥാനതല ഉദ്‌ഘാടനശേഷം ആദ്യ വിൽപ്പന തിരുവനന്തപുരം തിരുമല സ്വദേശിനി പ്രസന്നയ്ക്ക് മരുന്ന് നൽകി 
മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു


തിരുവനന്തപുരം "അമിതവില കാരണം അഞ്ചുമാസമായി മരുന്ന്‌ വാങ്ങിയിരുന്നില്ല. ഇത്രയും വിലക്കുറവിൽ കിട്ടുമെന്ന്‌ വിചാരിച്ചതേയില്ല.  സന്തോഷമായി'–-തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിലെ "കാരുണ്യസ്പർശം ലാഭരഹിത അർബുദമരുന്ന്‌ വിൽപ്പന കൗണ്ടറി'ൽനിന്ന്‌ 42,350 രൂപയുടെ മരുന്ന്‌ 6683 രൂപയ്ക്ക്‌ വാങ്ങിയ പ്രസന്നയുടെ  നിറകൺചിരി സർക്കാരിന്റെ കരുതലിനുള്ള സമ്മാനം. നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ ലാഭരഹിതമായി അർബുദമരുന്നുകൾ വിലകുറച്ചുനൽകാൻ തീരുമാനിച്ചത്‌. തിരുമല സ്വദേശിയായ പ്രസന്ന വൃക്ക അർബുദത്തിന്‌ ചികിത്സയിലുള്ള ഭർത്താവ്‌ ബാബുവിനായി 42,350 രൂപയുടെ അബിറടെറോൺ അസറ്റേറ്റ്‌ ഗുളിക 6683 രൂപയ്ക്കാണ്‌ വാങ്ങിയത്‌. 120 ഗുളിക അടങ്ങിയതാണ്‌ ഒരു പായ്ക്കറ്റ്‌. 33,667 രൂപയാണ്‌ സർക്കാർ പദ്ധതിയിലൂടെ പ്രസന്ന ലാഭിച്ചത്‌. വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്ന്‌ അവർ മരുന്ന്‌ ഏറ്റുവാങ്ങി. "വലിയ വിലയുള്ള മരുന്നുകളാണ്‌ കൗണ്ടറുകളിൽ നൽകുക. രോഗികളുടെ ആവശ്യമനുസരിച്ച്‌ സംസ്ഥാനത്തെ 14 കൗണ്ടറുകളിലും അർബുദ മരുന്നെത്തിക്കും.  ഡോക്ടറുടെ ഏറ്റവും പുതിയ പ്രിസ്‌ക്രിപ്‌ഷനുമായെത്തി മരുന്ന്‌ വാങ്ങാം'–-കേരള മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ പറഞ്ഞു. Read on deshabhimani.com

Related News