മുടങ്ങില്ല കരുതൽ ; കാരുണ്യക്ക് 100 കോടികൂടി , സർക്കാർ ഇതുവരെ നൽകിയത് 2900 കോടി രൂപ
തിരുവനന്തപുരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 100 കോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഈ സാമ്പത്തികവർഷംമാത്രം 469 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 679 കോടിയും. രണ്ടാമത് അധികാരമേറ്റ് മൂന്നുവർഷത്തിനകം എൽഡിഎഫ് സർക്കാർ 2900 കോടിരൂപയാണ് കാസ്‌പിനായി ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വർഷം അഞ്ചുലക്ഷംരൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയം. 18.02 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം പൂർണമായും സർക്കാരാണ് അടയ്‌ക്കുന്നത്. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും നൽകുന്നു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് അംഗത്വം നൽകുന്നത്. അംഗത്വത്തിന് ഫീസും ഈടാക്കുന്നില്ല. സേവനം സൗജന്യമാണ്.197 സർക്കാർ ആശുപത്രികളിലും നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭിക്കും. 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിഭാവനം ചെയ്ത 89 പാക്കേജുകളിൽനിന്നുള്ള സൗജന്യ ചികിത്സയും ലഭിക്കും. പാക്കേജുകളിൽ ഉൾപ്പെടുത്താത്തവയ്‌ക്കായി അൺ സ്പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മൂന്നുദിവസം മുൻപുമുതലുള്ള ചികിത്സാചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിവഴി നൽകും. Read on deshabhimani.com