കാട്ടിൽക്കടവ് പാലത്തിന് 44.49 കോടിയുടെ കിഫ്ബി അനുമതി
കരുനാഗപ്പള്ളി > ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടിഎസ് കനാലിനു കുറുകെ നിർമിക്കുന്ന കാട്ടിൽക്കടവ് പാലം നിർമാണത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവായി. പാലം നിർമാണത്തിന്റെ ടെൻഡർ നടപടിയിലേക്കു കടക്കാൻ കിഫ്ബി അനുമതിയായി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ മുൻകൈ എടുത്താണ് പാലം നിർമാണത്തിന് പണം അനുവദിച്ചത്. 2017ൽ 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2019ൽ കിഫ്ബിയിൽനിന്ന് 30.89 കോടി രൂപയുടെ അനുമതിയായി. സ്ഥലം ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. കനാലിൽ ഇൻലാൻഡ് ബോട്ടിങ് യാത്ര ഉള്ളതിനാൽ ഉയരം നിലവിലുള്ള ആറു മീറ്ററിൽനിന്ന് ഏഴുമീറ്റർ ആയി ഉയർത്തി. 55 മീറ്റർ ക്ലിയർ സ്പാൻ വരുന്നതരത്തിലും കുറുകെ ബോസ്ട്രിങ് മാതൃകയിൽ സെൻട്രൽ സ്പാൻ രൂപരേഖ പുതുക്കി പരിഷ്കരിച്ചിരുന്നു. കാട്ടിൽക്കടവ് ഭാഗത്ത് 25 മീറ്റർ വരുന്ന മൂന്നു സ്പാനും 12.5 മീറ്റർ വരുന്ന മൂന്നു സ്പാനും നിർമിച്ച് നീളം പരമാവധി റോഡിൽ എത്തുന്ന തരത്തിലാണ് പുതിയ എസ്റ്റിമേറ്റ്. ആലപ്പാട് പഞ്ചായത്തിന്റെ ഭാഗത്ത് 25 മീറ്റർ നീളത്തിൽ മൂന്നു സ്പാനും 12.5 മീറ്റർ നീളത്തിൽ ആറ് സ്പാനും നിർമിച്ച് തീരദേശറോഡിലേക്ക് എത്തിക്കുന്നതിനും ഭേദഗതിയായി. ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം ഓട കടന്നുപോകുന്നതിനാൽ ഇൻലാൻഡ് നാവിഗേഷന്റെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി വീണ്ടും രണ്ടു മീറ്റർ ഉയരത്തിലും 15 മീറ്റർ നീളത്തിലും അധികമായി പാലം നിർമിക്കുന്നതിന് എസ്റ്റിമേറ്റ് പരിഷ്കരിച്ചു. ഇതനുസരിച്ച് 44.49 കോടി രൂപയുടെ അന്തിമ ഭരണാനുമതിക്കായി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിരിക്കുകയായിരുന്നു. കിഫ്ബി പദ്ധതി പ്രകാരമുള്ള 35 എക്സിക്യൂട്ടീവ് പ്രോജക്ട് ഫയലുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ അടിയന്തരമായി ടെൻഡർ നടപടികൾ ആരംഭിക്കാൻ ആക്ഷൻ കൗൺസിൽ അംഗങ്ങളും കുലശേഖരപുരം പഞ്ചായത്ത് അധികൃതരും പരിശ്രമം നടത്തി വരികയായിരുന്നു. നവംബർ 30നു ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് യോഗം പാലം നിർമാണം ടെൻഡർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. Read on deshabhimani.com