കീരിക്കാടാ... മലയാളികൾ 
സ്‌നേഹത്തോടെ വിളിച്ചു , അതിർത്തി കടന്നാൽ ഗുഡിവാടറായിഡു



തിരുവനന്തപുരം മുറിപ്പാടുള്ള മുഖവും ചോരക്കണ്ണുകളുമായി നാടിനെ വിറപ്പിച്ച കീരിക്കാടൻ ജോസിനെ  പേടിയോടെയാണ് പ്രേക്ഷകർ ബി​ഗ് സ്ക്രീനിൽ കണ്ടതെങ്കിലും പിന്നീട് മോഹൻ രാജിനെ മലയാളികൾ സ്‌നേഹത്തോടെ വിളിച്ചു കീരിക്കാടാ... "കിരീടം' എന്ന ഒറ്റസിനിമയിലൂടെ തന്നെ മലയാളിയുടെ മനസ്സിൽ ഇടംനേടിയ നടനാണ്‌ മോഹൻ രാജ്. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളത് ഒരുനടന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. സ്വയമേ നിശ്ചയിച്ചതല്ല. പ്രേക്ഷകരും നാടും നടനെ തിരിച്ചറിഞ്ഞത്‌ തന്നെ ആ പേരിലാണ്‌."കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന്' തിരക്കഥാകൃത്തായ ലോഹിതദാസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടനാകാൻ മോഹിച്ച്‌ സിനിമാലോകത്ത് എത്തിയതല്ല മോഹൻ രാജെന്ന് കിരീടത്തിന്റെ നിർമാതാക്കളിലൊരാളായ ദിനേശ് പണിക്കർ പറഞ്ഞു. കന്നട നടൻ പ്രദീപ് ശക്തിയെയായിരുന്നു ‘കീരിക്കാടനാ’യി ആദ്യം നിശ്ചയിച്ചത്. ഡേറ്റ് പ്രശ്നം കാരണം അവസാനനിമിഷം അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ഇതോടെ സംവിധായകൻ കലാധരനാണ് മോഹൻ രാജിനെ പരിചയപ്പെടുത്തുന്നത്. ആറടി മൂന്നരയിഞ്ച് ഉയരമുള്ള മോഹൻരാജിനെ സംവിധായ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും ഒറ്റനോട്ടത്തിൽ ഇഷ്ടമായി. മുടി മൊട്ടയടിച്ച് മേക്കപ്പും ഇട്ടതോടെ മോഹൻ രാജ് ലക്ഷണമൊത്തൊരു വില്ലനായി– അദ്ദേഹം പറഞ്ഞു. അസിസ്‌റ്റന്റ് എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസറായി കോഴിക്കോട്‌ ജോലിചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ ഹാസ്യതാരമായും അഭിനയിച്ചു. 2022-ൽ മമ്മൂട്ടിയുടെ റോഷാക്കാണ് അവസാനമായി അഭിനയിച്ച ചിത്രം. ചെപ്പുകിലുക്കണ ചങ്ങാതി , രജപുത്രൻ, സ്‌റ്റാലിൻ ശിവദാസ്, അർഥം, വ്യൂഹം, രാജവാഴ്‌ച, മറുപുറം, പുറപ്പാട്, കാസർകോട് കാദർഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോൽ, ആറാംതമ്പുരാൻ, വാഴുന്നോർ, പത്രം, നരസിംഹം, നരൻ, മായാവി തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിർത്തി കടന്നാൽ ഗുഡിവാടറായിഡു കീരിക്കാടൻ ജോസിന്റെ യഥാർഥ പേര് മോഹൻ രാജ് എന്നത് പലർക്കും പുതിയ അറിവാണ്. ആറാം തമ്പുരാനിലെ ചെങ്കളം മാധവൻ, നരസിംഹത്തിലെ ഭാസ്കരൻ, പത്രത്തിലെ ചന്ദൻ ഭായ്, നരനിലെ കുറ്റിച്ചിറ പപ്പൻ എന്നിങ്ങനെ  നായകന് തല്ലിത്തോൽപ്പിക്കാനുള്ള കരുത്തനായ വില്ലനായിരുന്നു മോഹൻരാജ്. കീരിക്കാടൻ കേരള അതിർത്തികടന്നാൽ ഗുഡിവാടറായിഡുവാണ്. 1990-ൽ പുറത്തിറങ്ങിയ ബി ഗോപാലിന്റെ ലോറി ഡ്രൈവർ എന്ന കന്നഡചിത്രത്തിൽ മോഹൻ രാജ് അവതരിപ്പിച്ച വില്ലന്റെ പേരാണ്‌ ഗുഡിവാടറായിഡു. തമിഴിൽ 'മസ്താൻ' എന്നും വിളിപ്പേരുണ്ട്. ചെന്നൈയിലായിരുന്ന മോഹൻരാജിന്റെ ഓഫിസിന് എതിർവശത്തായി സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡിപ്പാർട്ടുമെന്റിൽ ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഒരു വില്ലൻ താരത്തിന്റെ രൂപഭാവങ്ങളുളള മോഹൻരാജിനെ അദ്ദേഹം ശ്രദ്ധിച്ചു. ഓഫിസറുടെ ബന്ധു  സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം മോഹന്റെ പേര് നിർദ്ദേശിച്ചു. ഒരു സ്ഥലത്ത് യാത്ര പോകാമെന്ന് പറഞ്ഞ്‌ മോഹനെ വിളിച്ചു കൊണ്ടുപോയത് ഷൂട്ടിങ് ലൊക്കേഷനിലേക്കാണ്.  കിട്ടിയ അവസരം പാഴാക്കാതെ ആൺപാവം എന്ന സിനിമയിൽ അഭിനയിച്ചു. സത്യരാജിനുവേണ്ടി തീരുമാനിക്കപ്പെട്ട വേഷമായിരുന്നു അത്. റോൾ ചെറുതാണെന്ന് പറഞ്ഞ് അദ്ദേഹം ഉപേക്ഷിച്ചുപോയപ്പോൾ അത് മോഹൻരാജിലേക്ക് എത്തിച്ചേരുകയായിരുന്നു.   Read on deshabhimani.com

Related News