കെല്‍ ഇഎംഎല്‍ തുറന്നു



കാസര്‍കോട് കേന്ദ്ര സർക്കാരിൽനിന്ന്‌ തിരിച്ചെടുത്ത ഭെൽ–- ഇഎംഎൽ കമ്പനി ഇനി കേരള സർക്കാരിന്റെ  പൊതുമേഖലാ സ്ഥാപനമായി കെൽ–- ഇഎംഎൽ എന്നപേരിൽ വളർച്ചയിലേക്ക്‌ കുതിക്കും. രണ്ടുവർഷം പൂട്ടിക്കിടന്നതിനെതുടർന്ന്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ 77 കോടി രൂപ പാക്കേജിൽ നവീകരിച്ച ബദ്രടുക്കയിലെ കമ്പനി മുഖ്യമന്ത്രി പിണറായി വിജയന്‍  ആയിരങ്ങളെ സാക്ഷിയാക്കി നാടിന് സമര്‍പ്പിച്ചു. പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിച്ച്‌ വളർത്തിയെടുക്കലാണ്‌ സർക്കാർ നിലപാടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ-മന്ത്രി പി രാജീവ് അധ്യക്ഷനായി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കാനുള്ള ഹ്രസ്വ, ദീർഘകാല പദ്ധതികളാണ്‌ നടപ്പാക്കുന്നതെന്ന്‌  രാജീവ്‌ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുൻ എംപി പി കരുണാകരൻ, എംഎൽഎമാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ, എ കെ എം അഷറഫ് എന്നിവർ സംസാരിച്ചു.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബിയിൽനിന്ന്‌ മന്ത്രി പി രാജീവ്‌ ആദ്യ ഓർഡർ സ്വീകരിച്ചു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതവും യൂണിറ്റ്‌ മേധാവി ജോസി കുര്യാക്കോസ്‌ നന്ദിയും പറഞ്ഞു.    1990ൽ  നായനാർ സർക്കാരാണ്‌ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എൻജിനിയറിങ്‌ കമ്പനിയുടെ  യൂണിറ്റ് തുടങ്ങിയത്‌. 2011ല്‍ മഹാരത്ന കമ്പനിയായ ഭെല്ലിൽ ലയിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാരിൽനിന്ന്‌ പിന്തുണ ലഭിക്കാതെ  നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി പ്രവർത്തനം നിലയ്‌ക്കുകയായിരുന്നു. കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ഭെൽ ഇഎംഎല്ലും ഉൾപ്പെടുത്തിയപ്പോഴാണ്‌ കഴിഞ്ഞ പിണറായി സർക്കാർ ഏറ്റെടുക്കൽ നടപടിയിലേക്ക്‌ കടന്നത്‌. റെയിൽവേയ്‌ക്ക്‌ ആവശ്യമായ ജനറേറ്റർ, ആൾട്ടർനേറ്റർ, വൈദ്യുതി വാഹനങ്ങൾക്കുള്ള മോട്ടോർ, ചാർജർ  തുടങ്ങിയവയാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുക.   Read on deshabhimani.com

Related News