ഐഎൻഎസ് വിക്രാന്തിൽ കയ്യൊപ്പ് ചാർത്തി കെൽട്രോൺ; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കന്പനി



കൊച്ചി > സമുദ്രപരീക്ഷണം വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന്റെ അഭിമാനമാകാൻ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത  വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ കൈയ്യൊപ്പ്‌ ചാർത്തി കെൽട്രോൺ. കപ്പലുകളുടെ ഗതിനിയന്ത്രണത്തിനും വേഗത നിർണയിക്കുന്നതിനും ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കടലിന്റെ ആഴം അളക്കുന്നതിനും സമുദ്രത്തിനടിയിലുള്ള സന്ദേശവിനിമയത്തിനുമുള്ള പ്രധാനപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ചത്‌ കെൽട്രോണാണ്‌. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോണിന്റെ സ്‌പെഷ്യൽ പ്രോഡക്ടസ് ഗ്രൂപ്പാണ്‌ ഉപകരണങ്ങൾ വിക്രാന്തിൽ സ്ഥാപിച്ചത്. കൊച്ചിയിലുള്ള എൻപിഒഎൽ, തിരുവനന്തപുരം സി-ഡാക്ക് തുടങ്ങിയ സ്ഥാപനങ്ങൾ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെൽട്രോൺ ഈ ഉപകരണങ്ങൾ നിർമ്മിച്ചത്. ഭാവിയിൽ കൊച്ചിൻ ഷിപ്പ് യാർഡിലെ കപ്പൽ നിർമ്മാണപദ്ധതികളിൽ പാങ്കാളികാനുള്ള അവസരമാണ്‌ കെൽട്രോണിന്‌ ഇതിലൂടെ ലഭിക്കുന്നത്‌. കെൽട്രോണിന്റെ ഉൽപ്പാദന യൂണിറ്റുകളുടെ നിർമ്മാണ സൗകര്യങ്ങൾ വർധിപ്പിക്കൽ, ആധുനികവൽക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഫലമായി കെൽട്രോൺ കണ്ട്രോൾസിലും, കെൽട്രോൺ കരകുളം യൂണിറ്റിലും പ്രതിരോധ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ സൗകര്യങ്ങളും ഗുണപരിശോധന സംവിധാനങ്ങളും വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ഇത്തരം നവീകരണം യാഥാർഥ്യമാക്കി പ്രതിരോധ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഡിഫൻസ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണ്‌ കെൽട്രോൺ. ആഭ്യന്തരമായി പ്രതിരോധ മേഖലയ്ക്കായി ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ സ്വന്തം കെൽട്രോണിന് കഴിയും. Read on deshabhimani.com

Related News