‘കേര’ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തലസ്ഥാനത്ത്
തിരുവനന്തപുരം കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രിവാല്യു ചെയിൻ മോഡണൈസേഷൻ) പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ആസ്ഥാനം തിരുവനന്തപുരത്ത് സ്ഥാപിക്കും. കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ മൂന്നു ‘കേര’ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകൾ സ്ഥാപിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. കേരള കാർഷിക സർവകലാശാല, വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ വ്യവസായ ഡയറക്ടറേറ്റ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കിൻഫ്ര, കേരള സ്‌റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലായി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും സ്ഥാപിക്കും. 2365.5 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 1655.85 കോടി ലോകബാങ്ക് ഫണ്ടാണ്. സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 14 തസ്‌തിക പുതുതായി സൃഷ്ടിക്കും. മൂന്നു റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ 15 തസ്‌തികയും പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളിൽ ഏഴു തസ്‌തികയും സൃഷ്ടിക്കും. ഡെപ്യൂട്ടേഷൻ സേവന വ്യവസ്ഥയിലാകും നിയമനം. Read on deshabhimani.com