ഉന്നതവിദ്യാഭ്യാസം ലോക നിലവാരത്തിലേക്ക്
തൃശൂർ സംസ്ഥാനത്ത് സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടാക്കിയത് വൻ മുന്നേറ്റം. നാക് പരിശോധനയിൽ കേരള, എംജി സർവകലാശാലകൾക്ക് രാജ്യത്തെ ഉയർന്ന ഗ്രേഡായ എ ഡബിൾ പ്ലസ്. കലിക്കറ്റ്, സംസ്കൃത, കൊച്ചി സർവകലാശാലകൾക്ക് എ പ്ലസും ലഭിച്ചു. സംസ്ഥാനത്തെ 269 കോളേജുകൾക്ക് നാക് അംഗീകാരം ലഭിച്ചു. 27 കോളേജുകൾക്ക് ഉയർന്ന ഗ്രേഡായ എ ഡബിൾ പ്ലസ് ലഭിച്ചതായും മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ് ഏജൻസിയായ എൻഐആർഎഫ് 2024 പട്ടികയിലും കേരളം മുന്നേറ്റമുണ്ടാക്കി. മികച്ച 100 സർവകലാശാലകളിൽ കേരളത്തിൽനിന്ന് നാല് സർവകലാശാലകൾ ഇടം പിടിച്ചു. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി വിഭാഗത്തിൽ കേരള സർവകലാശാല ഒമ്പത്, കുസാറ്റ്10, എംജി സർവകലാശാല 11 എന്നീ റാങ്കുകൾ നേടി. രാജ്യത്തെ മികച്ച 200 കോളേജുകളിൽ 42 എണ്ണം കേരളത്തിലാണ്. ആദ്യനൂറിൽ 16 കോളേജ് കേരളത്തിലാണ്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് 20, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് 22 റാങ്കുകൾ നേടി. ആഗോള പ്രശസ്ത റാങ്കിങ് ഏജൻസിയായ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ എംജി സർവകലാശാല രാജ്യത്ത് മൂന്നാംസ്ഥാനവും ഏഷ്യയിൽ 134ാം സ്ഥാനവും നേടി. ക്യുഎസ് റാങ്കിങ്ങിന്റെ ഏഷ്യൻ പട്ടികയിൽ കേരള സർവകലാശാലയ്ക്ക് 339-ാം സ്ഥാനം ലഭിച്ചു. ലോകത്തെ മികച്ച ആയിരം സർവകലാശാലകളിൽ കുസാറ്റുണ്ട്. പ്രഥമ ടൈംസ് എഡ്യൂക്കേഷൻ ഇന്റർ ഡിസിപ്ലിനറി റാങ്കിങ്ങിലും കുസാറ്റ് ഇടംനേടി. വിദേശ രാജ്യങ്ങളിലേതിന് സമാനമായ നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പായതോടെ സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസം ലോകനിലവാരത്തിലെത്തി. ഇതിന്റെ തുടർച്ചയായാണ് ‘പി എം ഉഷ’ പദ്ധതിയിൽ 405 കോടിരൂപ നേടിയെടുക്കാനായതെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com