സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ ഫാക്‌ടറി ട്രയൽ റൺ തുടങ്ങി



പത്തനംതിട്ട> തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി കുന്നന്താനത്ത് സജ്ജമായി. കുന്നന്താനം കിൻഫ്രയിലാണ് ഫാക്ടറി പ്രവർത്തന സജ്ജമായത്. ട്രയൽ റൺ തുടങ്ങി. കഴിഞ്ഞ ആഴ്ച ഹൈടെൻഷൻ വൈദ്യുതി കണക്ഷനും ലഭിച്ചു. ഈ മാസം തന്നെ ഉദ്ഘാടനവും നടന്നേക്കും.   തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  ക്ലീൻ കേരളാ കമ്പനി ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ്   ഫാക്ടറി പ്രവർത്തനം തുടങ്ങുന്നത്. ഹരിത കർമ്മസേന ശേഖരിക്കുന്ന പുനഃചക്രമണ യോഗ്യമായ വൃത്തിയുള്ള പ്ലാസ്റ്റിക്ക് തരികളാക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പതിനായിരം ചതുരശ്ര അടി കെട്ടിടം, അനുബന്ധ സൗകര്യങ്ങൾ, 25,000 ലിറ്റർ മഴവെള്ള സംഭരണി, സൗരോർജ പ്ലാന്റ് എന്നിങ്ങനെ പരമാവധി പരിസ്ഥിതി സൗഹാർദമായാണ് പ്ലാന്റ്  സജ്ജമാക്കിയിരിക്കുന്നത്.   ദിവസം അഞ്ച്  ടൺ വരെ പുനഃചക്രമണയോഗ്യമായ പ്ലാസ്റ്റിക്ക് ഇവിടെ സംസ്‌കരിക്കാം.   ഹരിതകർമസേന ശേഖരിക്കുന്ന തരംതിരിച്ച പ്ലാസ്റ്റിക്ക് വേഗം എംസിഎഫുകളിൽ നിന്ന് ഇവിടേക്ക് എത്തിക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഫാക്ടറിയാണിത്. എട്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഫാക്ടറി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്ത്  പ്രവർത്തന പഥത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ വിപുലമായ ഗോഡൗൺ നിർമാണം ഉടനെ ആരംഭിക്കും. ഗോഡൗൺ പൂർത്തിയാകുന്നതോടെ ഒരേ സമയം പത്തിലധികം തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന  പ്ലാസ്റ്റിക്ക് കൊണ്ടു വയ്‌ക്കാൻ സാധിക്കുമെന്ന് ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം ബി ദിലീപ് കുമാർ പറഞ്ഞു.   ഫാക്ടറി പ്രവർത്തനം വിലയിരുത്തി ഉൽപ്പാദനം നടത്തുന്ന ഗ്രാന്യൂൾസ് ഇതര ഉൽപ്പന്നങ്ങൾ ആക്കുന്നത് ആലോചിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്  ജില്ലാ ജോയിന്റ്‌ ഡയറക്ടർ എ എസ്‌  നൈസാം പറഞ്ഞു. മാലിന്യ മുക്ത ജില്ല എന്ന നിലയിലേക്ക് ശുചിത്വ മിഷൻ,  നവകേരള മിഷൻ എന്നിവയുടെയെല്ലാം സഹകരണത്തോടെ ജില്ലയിൽ  വിപുലമായ പ്രചാരണ പ്രവർത്തനമാണ് ശുചിത്വ ജില്ലയാക്കുന്നതിന്റെ ഭാഗമായി നടക്കുന്നത്. കുന്നന്താനത്തെ സംസ്കരണ ഫാക്ടറി അതിലെ പ്രധാന ചുവട്‌ വയ്പാണ്. Read on deshabhimani.com

Related News