നായർബ്രിഗേഡ്‌ ദിവാനെഴുതി ; വേതനം പിടിച്ചോളൂ



തൃശൂർ 1924 അഥവാ കൊല്ലവർഷം 1099 കർക്കടകത്തിൽ മഹാപ്രളയം. നാടാകെ വെള്ളപ്പൊക്കത്തിൽ. കൊടുംദുരിതം. സ്വന്തം ജീവൻ നൽകി രാജ്യം രക്ഷിക്കാൻ പോരടിക്കുന്ന പട്ടാളക്കാർ അന്നെഴുതിയ കത്ത്‌ എന്നും അഭിമാനം. ദുരിതമനുഭവിക്കുന്ന   ജനതയ്ക്ക് ആശ്വാസം പകരാൻ സ്വന്തം വേതനത്തിന്റെ ഒരുഭാഗം നൽകാൻ സന്നദ്ധത അറിയിച്ച്‌ നായർബ്രിഗേഡാണ്‌ ദിവാന്‌ കത്തെഴുതിയത്‌. വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് വേതനം നൽകാമെന്നറിയിച്ച് 1924ൽ ആഗസ്ത്‌ ഒന്നിന് നായർബ്രിഗേഡ് കമാൻഡന്റ്‌ തിരുവിതാംകൂർ ദിവാനാണ്‌ കത്തെഴുതിയത്‌.  രാജാവിന്റെ അംഗരക്ഷകരുടെയും നായർബ്രിഗേഡിന്റെയും സിവിൽ സ്‌റ്റാഫിന്റെയും വേതനം കണക്കാക്കി ആദ്യഘട്ടമായി 750 രൂപയുടെ ചെക്കാണ് സെൻട്രൽ തിരുവിതാംകൂർ പ്രളയ ദുരിതാശ്വാസ കമ്മിറ്റിക്ക്‌ കൈമാറിയത്. ബാക്കി സംഖ്യ ശേഖരിച്ച്‌ അടുത്തദിവസം നൽകും. ഈ സംഖ്യ കൊല്ലവർഷം 1099 (1924) കർക്കടകമാസത്തിലെ വേതനത്തിൽനിന്ന് പിടിക്കാവുന്നതാണെന്നും കത്തിലുണ്ട്‌. 2018ൽ കേരളം മഹാപ്രളയം നേരിട്ടപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിർദേശം തകർക്കാൻ പലരും ശ്രമിച്ചു. എന്നാൽ   നായർബ്രിഗേഡിന്റെ പിൻഗാമികളായ 28 വായുരക്ഷാ റെജിമെന്റ്‌ ഒരു ട്രക്ക് ഭക്ഷ്യ സാമഗ്രികളും ലക്ഷം രൂപയും നൽകി നാടിനൊപ്പംനിന്നു.  ദിവാനെഴുതിയ കത്തിന്റെ പകർപ്പ് താനിപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നതായി 28 വായുരക്ഷാ റെജിമെന്റിലെ വിമുക്ത ഭടൻ തൃശൂർ കൈപ്പറമ്പ് കളത്തിക്കാട്ടിൽ സുബേദാർ രാജൻ പറഞ്ഞു. ദിവാന്റെ സീലോടുകൂടിയ ഈ കത്ത് രാജ്യസേവനത്തിന്റെ അഭിമാന സ്തംഭമാണ്‌.  ബ്രിട്ടീഷ് ഭരണകാലത്ത് 1835ലാണ് തിരുവിതാംകൂർ നായർബ്രിഗേഡ് രൂപീകരിക്കുന്നത്.  1956 മെയ് 14ന് ഒരു വിഭാഗം 16 മദ്രാസ് റെജിമെന്റായി മാറി. പത്മനാഭക്ഷേത്ര സംരക്ഷണത്തിനും ഒരു വിഭാഗത്തെ നിയോഗിച്ചു. 1965 ജനുവരി പത്തിനാണ് 28  വായുരക്ഷാ റെജിമെന്റായി മാറിയത്.   Read on deshabhimani.com

Related News