സേവനം വിരൽത്തുമ്പിൽ ; ഓൺലൈൻ സേവനങ്ങൾക്കുള്ള ഏകീകൃത പോർട്ടൽ ഒരുങ്ങുന്നു



തിരുവനന്തപുരം സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഏകീകൃത പോർട്ടലിന്‌ രൂപം നൽകുന്നത്‌. വെബ്‌പോർട്ടൽ വഴിയും മൊബൈൽ ആപ്‌ മുഖേനയും ഓൺലൈൻ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തും. സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച ഐടി നയത്തിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ കേരള ആർകിടെക്‌ചർ പദ്ധതിക്ക്‌ രൂപം നൽകിയത്‌. സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 81 വകുപ്പുകളുടെ 900ലധികം സേവനങ്ങൾ ഇ സേവനം പോർട്ടലിൽ ലഭ്യമാണ്‌. ഇ ഡിസ്‌ട്രിക്‌റ്റ്‌,  കെ സ്മാർട്ട്‌ എന്നിവയിലൂടെ പ്രധാന സർട്ടിഫിക്കറ്റുകളുടെ വിതരണവും ഓൺലൈനിലേക്ക്‌ മാറിയിരുന്നു.  ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പരിഷ്‌കാരത്തിന്റെ ഭാഗമായി സംരംഭകർക്കായി എല്ലാ സേവനങ്ങളും കെ സ്വിഫ്‌റ്റ്‌ മുഖേനയും ഓൺലൈനാക്കിയിട്ടുണ്ട്‌. അതത്‌ വെബ്‌സൈറ്റുകളെ ആശ്രയിച്ചാലേ ഈ സേവനങ്ങളെല്ലാം ലഭ്യമാകൂവെന്ന ന്യൂനത ഏകീകൃത പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും.  ആപ്ലിക്കേഷൻ ട്രാക്കിങ്‌, ഡിജി ലോക്കർ, നോട്ടിഫിക്കേഷനുകൾ, എസ്‌എംഎസ്‌ സൗകര്യം, വിവിധ ബില്ലുകൾ അടയ്‌ക്കാനുള്ള സംവിധാനം എന്നിവയെല്ലാം യുഎസ്‌ഡിപി പോർട്ടലിന്റെ ഭാഗമായുണ്ടാകും. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളാണ്‌ ആദ്യഘട്ടത്തിൽ യുഎസ്‌ഡിപിയിലുണ്ടാവുക. ഗവൺമെന്റ്‌ ടു ഗവൺമെന്റ്‌, ബിസിനസ്‌ ടു ബിസിനസ്‌ സേവനങ്ങൾ ഒന്നാംഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടില്ല. Read on deshabhimani.com

Related News