ഗവർണർക്ക് ‘വീണ്ടും കിട്ടി’ ; കലിക്കറ്റിലെ വഴിവിട്ട ഉത്തരവിന് സ്‌റ്റേ
തേഞ്ഞിപ്പലം ക്രമക്കേടിലൂടെ കലിക്കറ്റ് സർവകലാശാലയ്ക്ക് ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ കുറ്റവിമുക്തനാക്കിയ ചാൻസലർകൂടിയായ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സർവകലാശാലാ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറായിരിക്കെ ക്രമക്കേട് നടത്തിയ മുഹമ്മദ് സാജിദിനെ ഗവർണറെയും താല്‍ക്കാലിക വൈസ് ചാൻസലറെയും കൂട്ടുപിടിച്ച് സംരക്ഷിക്കാനുള്ള യുഡിഎഫ് നീക്കമാണ് ഇതോടെ പാളിയത്. സിൻഡിക്കറ്റ് തീരുമാനം നടപ്പാക്കാത്തതിനെതിരെ സിൻഡിക്കറ്റംഗം അഡ്വ. എം ബി ഫൈസലാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് നടപ്പാക്കിയതിൽ സർവകലാശാലയ്‌ക്ക് 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സർക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഉത്തരവാദിയായ മുഹമ്മദ് സാജിദിനെതിരെ നടപടി സ്വീകരിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്‌തു. സംസ്ഥാന ഓഡിറ്റ് വിഭാഗവും പ്രവൃത്തിയിൽ അപാകം കണ്ടെത്തി. സാജിദിനെ അന്വേഷണവിധേയമായി സസ്‌പൻഡ് ചെയ്‌തു. സിൻഡിക്കറ്റ് ഉപസമിതിയുടെ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി. സാജിദിനെ ജൂനിയർ എൻജിനിയറായി തരംതാഴ്‌ത്താനും നഷ്ടം ഈടാക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചു. ഇതിനെതിരെ സാജിദ് ചാൻസലറെ സമീപിച്ചു. സർവകലാശാലയിലെ ലീഗനുകൂല സംഘടനയുടെ പ്രസിഡന്റായ സാജിദിനെതിരായ എല്ലാ നടപടികളും റദ്ദുചെയ്യാനും സസ്‌പെൻഷൻ കാലയളവിൽ നഷ്ടമായ ആനുകൂല്യം മൂന്നുമാസത്തിനകം നൽകാനും അല്ലാത്തപക്ഷം ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽനിന്ന് 18 ശതമാനം പലിശ ഈടാക്കാനും ഗവർണർ ഉത്തരവിട്ടു. ക്രമക്കേട് പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ചാൻസലറുടെ അനാവശ്യ നടപടി. സർവകലാശാലാ സ്റ്റാൻഡിങ് കോൺസലായ അഡ്വ. പി സി ശശിധരനിൽനിന്ന് നിയമോപദേശം വാങ്ങി സിൻഡിക്കറ്റ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ, താൽക്കാലിക വിസിയായി ചുമതലയേറ്റ ഡോ. പി രവീന്ദ്രൻ സിൻഡിക്കറ്റ് തീരുമാനം തടഞ്ഞു. ചാൻസലറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ സിൻഡിക്കറ്റ് തീരുമാനിക്കുകയായിരുന്നു. ചാൻസലറുടെയും മുഹമ്മദ് സാജിദിന്റെയും വാദം കേട്ട ശേഷമാണ് കോടതി സ്റ്റേ ഉത്തരവിട്ടത്. അഡ്വ. എം ബി ഫൈസലിനുവേണ്ടി അഡ്വ. ടി ബി ഹൂദും സർവകലാശാലക്കുവേണ്ടി അഡ്വ. പി സി ശശിധരനും ഹാജരായി. Read on deshabhimani.com