ഗവർണർക്ക്‌ വീണ്ടും തിരിച്ചടി ; സാങ്കേതിക സർവകലാശാലാ സെർച്ച് കമ്മിറ്റിക്കും സ്റ്റേ



കൊച്ചി എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ പ്രതിനിധിയില്ലാതെ യുജിസി, എഐസിടിഇ എന്നിവയുടെയും  ചാൻസലറുടെയും പ്രതിനിധികളെമാത്രം ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരെ സർക്കാർ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഒരുമാസത്തേയ്ക്ക് സ്റ്റേ അനുവദിച്ചത്‌. ഇതോടെ ഏഴ്‌ സെർച്ച്‌ കമ്മിറ്റികളാണ്‌ കോടതി തുടർച്ചയായി സ്റ്റേ ചെയ്‌തത്‌. എല്ലാ സെർച്ച്‌ കമ്മിറ്റികളും സ്റ്റേ ചെയ്തത്‌ ഗവർണർക്ക്‌ കനത്ത പ്രഹരമായി. സാങ്കേതിക സർവകലാശാല വിസി സെർച്ച്‌ കമ്മിറ്റിയുടെ വിജ്ഞാപനം ഇറക്കിയത് ജൂലെെ 29നാണ്. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ നിയമപരമായ അധികാരം വിശദീകരിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു. ഹർജി വിശദവാദത്തിനായി മാറ്റി. സർക്കാരിനുവേണ്ടി അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരായി. ഫിഷറീസ്‌ (കുഫോസ്‌) , കേരള, എംജി, മലയാളം, ശ്രീനാരായണ ഗുരു, കാർഷിക സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റികളാണ് നേരത്തെ സ്റ്റേ ചെയ്തത്.   Read on deshabhimani.com

Related News