എത്രകിട്ടിയാലും പഠിക്കാത്ത ഗവർണർ
2022 നവംബർ 7 കേരളത്തിലെ 11 സർവകലാശാല വെെസ്‌ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. സാങ്കേതിക സർവകലാശാലയ്‌ക്ക് മാത്രം ബാധകമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് വിസിമാരും രാജിവയ്ക്കണമെന്നായിരുന്നു ഗവർണറുടെ നിലപാട്. 2023 മാർച്ച് 16 സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ല. ഇതിനു പുറമെ സെനറ്റ് നാമനിർദേശം, ബിൽ വൈകിപ്പിക്കൽ എന്നിവയിലും ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2023 മാർച്ച് 24 കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും റദ്ദാക്കി. 2023 നവംബർ 29 നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബില്ല് പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2024 മെയ് 21 കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളായി നാലു എബിവിപി പ്രവർത്തകരെ നാമനിർദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ആറാഴ്‌ചയ്ക്കുള്ളിൽ പുതിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചു. 2024 ജൂലെെ 18 കേരള ഫിഷറീസ് സർവകലാശാല(കുഫോസ് ) വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനം ഹെെക്കോടതി സ്റ്റേ ചെയ്തു. ജൂൺ 28 നാണ് ആറ് സർവകലാശാലകളിൽ സർവകലാശാല പ്രതിനിധികളില്ലാതെ ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. 2024 ജൂലെെ 19 മൂന്ന് സർവകലാശാലകളിലെകൂടി വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടിക്കാണ് സ്റ്റേ. 2024 ആഗസ്ത് 1 എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. Read on deshabhimani.com