ആർഎസ്‌എസ്‌ നിയമനങ്ങൾ തുടർന്ന്‌ ഗവർണർ ; ‘ പരിച ’യായി മാധ്യമങ്ങൾ



തിരുവനന്തപുരം സർവകലാശാലകളുടെ ചട്ടങ്ങൾ കാറ്റിൽപറത്തി തന്നിഷ്ടപ്രകാരം വൈസ്‌ ചാൻസലർമാരെ നിയമിക്കാമെന്ന ഗവർണറുടെ മോഹത്തിന്‌ ഹൈക്കോടതി തടയിട്ടെങ്കിലും കണ്ട ഭാവം നടിക്കാതെ മാധ്യമങ്ങൾ. ഇത്തരം പ്രോത്സാഹനങ്ങൾ വഴി ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കൽ നിർബാധം തുടരുന്നു. ബുധനാഴ്‌ച കെടിയു വി സി യായി ശിവപ്രസാദിനെയും ഡിജിറ്റൽ സർവ്വകലാശാല വിസി യായി ഡോ. സിസ തോമസിനേയും നിയമിച്ചതും ഈ താൽപര്യങ്ങളുടെ ഭാഗമാണ്‌. ഇതും കോടതിയിൽ തലകുത്തിവീഴുമെന്ന്‌ ഉറപ്പാണ്‌. നിയമനങ്ങൾ സർവ്വകലാശാലയുടെ നിയമത്തിനുള്ളിൽ നിന്നുകൊണ്ടാകണമെന്ന വിധിയിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ്‌ ഡിവിഷൻ ബെഞ്ച്‌ കൊട്ടയിലിട്ടത്‌.  എന്നാൽ, അതിന്റെ വാർത്ത കൊടുക്കാൻ മുഖ്യധാരയെന്നും നിഷ്‌പക്ഷമെന്നും സ്വയം നടിക്കുന്ന ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല. അതേസമയം, സർക്കാരിനെതിരായ വിധികൾ വരുമ്പോൾ തുള്ളിച്ചാടി ‘ സർക്കാരിന്‌ തിരിച്ചടി ’ എന്ന്‌ ആഘോഷിക്കും. 11  വെെസ്‌ചാൻസലർമാരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്‌,  കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി, സാങ്കേതിക സർവ്വകലാശാല സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്ത തീരുമാനം,  സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത്,  കേരള  സെനറ്റിലേക്ക്‌ എബിവിപി പ്രവർത്തകരെ കുത്തിനിറച്ചത്‌, കേരള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നൽകണമെന്ന നിർദേശം തുടങ്ങി കോടതികൾ ചോദ്യം ചെയ്ത ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിയമലംഘനങ്ങൾ ഏറെയാണ്‌.   വർഗീയ അജണ്ടയുടെ ഭാഗമായ ഇത്തരം നീക്കങ്ങളേയും മാധ്യമങ്ങൾ പിന്തുണയ്ക്കുകയാണ്‌. Read on deshabhimani.com

Related News