സഹായധനം ബാങ്ക് പിടിച്ചുപറിച്ചതിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി വയനാട്ടിലെ ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയ തുക പിടിച്ചുപറിച്ച ഗ്രാമീൺബാങ്ക് നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശം. ദുരന്തസാഹചര്യങ്ങളിൽ പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ നൽകുന്ന സഹായത്തിൽനിന്ന് ബാങ്കുകൾ പണംവകമാറ്റുന്നില്ലെന്ന് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം. ഇത്തരം സാഹചര്യങ്ങളിൽ ദുരന്തബാധിതരോട് അനുകമ്പ കാണിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്‌റ്റിസ് വി എം ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഓർമിപ്പിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഹെെക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. നാശനഷ്ടം സംഭവിച്ചവരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് നിർദേശിച്ചതായും ഇവ തത്വത്തിൽ അംഗീകരിച്ചതായും സർക്കാരിനുവേണ്ടി ഹാജരായ സെപ്‌ഷൽ ഗവ. പ്ലീഡർ സി ഇ ഉണ്ണികൃഷ്ണൻ അറിയിച്ചു. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. Read on deshabhimani.com