ലോകത്തിനൊപ്പം പറക്കാൻ കേരളം; ഹെലിടൂറിസം പദ്ധതിക്ക് അംഗീകാരം



തിരുവനന്തപുരം > ഹെലികോപ്‌‌റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നും കേരളത്തിൽ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ സജ്ജമാക്കും. സർവീസ് നടത്താൻ ഇപ്പോൾ തന്നെ ആളുകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മുഴുവൻ ഒറ്റ ദിവസം കൊണ്ട് കാണാം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഹെലിടൂറിസം പദ്ധതി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും ഹെലിടൂറിസം പദ്ധതി സഹായിക്കും. കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി മൂലം സാധിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാൻ പദ്ധതി അവസരമൊരുക്കും.   Read on deshabhimani.com

Related News