വെെദ്യുതി വിച്ഛേദിച്ചതിലെ തർക്കം; കെഎസ്ഇബി ജീവനക്കാർക്കെതിരെ കടുത്ത നടപടി വേണ്ട: ഹെെക്കോടതി
കൊച്ചി> തിരുവമ്പാടിയിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതിലെ തർക്കത്തിൽ കെഎസ്ഇബി ജീവനക്കാർക്കെതിരെ തൽക്കാലം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി. ലൈൻമാൻ പ്രശാന്ത്, കരാർ ജീവനക്കാരനായ അനന്തു എന്നിവർക്കെതിരെ ആഗസ്‌ത് 21 വരെ നടപടി പാടില്ലെന്ന് ജസ്റ്റിസ് എ ബദറുദീൻ ഉത്തരവിട്ടു. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മർദിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ ഉമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കെഎസ്‌ഇബി ജീവനക്കാരെ പൊലീസിന് ചോദ്യം ചെയ്യാമെന്നും സുതാര്യമായ അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ബിൽ അടയ്ക്കാൻ വൈകിയതിനാൽ അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. പിന്നാലെ ഓൺലൈനായി ബില്ലടച്ച് വെെദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ എത്താൻ വൈകിയെന്നും ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജീവനക്കാർ മർദിച്ചെന്നുമാണ് അജ്‌മലിന്റെയും കുടുംബത്തിന്റെയും പരാതി. പിറ്റേന്ന് കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും സഹോദരനും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചുതകർത്തെന്നും ദേഹത്ത് കേടായ കറി ഒഴിച്ചെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com