മാലിന്യമുക്ത 
നഗരങ്ങൾക്കുള്ള നക്ഷത്രപദവി; ചരിത്രനേട്ടത്തിനൊരുങ്ങി കേരളം



തിരുവനന്തപുരം> മാലിന്യമുക്ത നഗര നക്ഷത്രപദവി (ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ്‌ – ജിഎഫ്സി) സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അർഹതാ പട്ടികയിലിടം നേടി സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റിയും കോർപറേഷനും. മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നൽകിയത്‌. ഖരമാലിന്യ സംസ്കരണത്തിനുള്ള ഏഴ്‌ മാനദണ്ഡങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന നഗരങ്ങൾക്ക് മാത്രമാണ് ജിഎഫ്‌സിയുടെ അർഹതാ പട്ടികയിൽ ഇടം നേടാൻ സാധിക്കുന്നത്. ഓരോ വിഭാഗത്തിലും കരസ്ഥമാക്കുന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ 1, 3, 5, 7 സ്റ്റാർ റേറ്റിങ്ങുകളാണ് നൽകുന്നത്. സ്വച്ഛ് സർവേക്ഷൻ സർവേയാണ്‌ അടുത്ത ഘട്ടം. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേകളിലൊന്നാണ് സ്വച്ഛ് സർവേക്ഷൻ. സ്വച്ഛ് സർവേക്ഷനിൽ മുമ്പും സംസ്ഥാനം പങ്കെടുത്തിരുന്നെങ്കിലും, ഇതാദ്യമായാണ് മാലിന്യമുക്ത നഗര സ്റ്റാർ റേറ്റിങ്‌ സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിന്‌ മുഴുവൻ മുനിസിപ്പാലിറ്റിയും കോർപറേഷനും അർഹത നേടുന്നത്. കൽപ്പറ്റ മുനിസിപ്പാലിറ്റി, തൃശൂർ കോർപറേഷൻ എന്നിവ ഫൈവ്‌ സ്റ്റാർ റേറ്റിങ്ങിനും കോതമംഗലം മുനിസിപ്പാലിറ്റി വൺ സ്റ്റാർ റേറ്റിങ്ങിനും, ബാക്കി 91 മുനിസിപ്പാലിറ്റികൾ ത്രീ സ്റ്റാർ റേറ്റിങ്ങിനുമാണ് ഇത്തവണ അപേക്ഷിച്ചിരിക്കുന്നത്.  2016ൽ കേരളം സമ്പൂർണ വെളിയിട വിസർജ്ജന വിമുക്ത പദവി നേടിയിരുന്നു. സേവനതല മികവ് (5,705 മാർക്ക്), സർട്ടിഫിക്കേഷൻ (2,500 മാർക്ക്), പൊതുജന അഭിപ്രായം (1,295 മാർക്ക്) എന്നിങ്ങനെ ആകെ 9,500 മാർക്കിനാണ് സ്വച്ഛ് സർവേക്ഷൻ സർവേ നടത്തുന്നത്. സർവേയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 2023ൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ നഗരസഭകളിലും വൈപിമാരെയും (യങ്‌ പ്രൊഫഷണൽസ്) പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നോഡൽ ഓഫീസർമാരെയും നിയമിച്ചിരുന്നു. മുന്നേറ്റം നടത്തുന്നതിന് പ്രവർത്തിച്ച എല്ലാ നഗരസഭകളെയും, ഇതിന് നേതൃത്വം നൽകിയ ശുചിത്വ മിഷനെയും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു വി ജോസിനെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. Read on deshabhimani.com

Related News