"വർക്ക് നിയർ ഹോം' യാഥാർഥ്യമാകുന്നു; ആദ്യ സെന്ററിന്റെ നിർമാണോദ്ഘാടനം മന്ത്രി ബാലഗോപാൽ നിർവഹിച്ചു
തിരുവനന്തപുരം> വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം' യാഥാർഥ്യമാകുന്നു. കൊല്ലം കൊട്ടാരക്കരയിൽ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ സെന്ററിന്റെ നിർമാണോദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഐടി/ഐടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ജോലി ചെയ്യുന്നതിനാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക്സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ സ്ഥാപിതമാകുന്ന വർക്ക് നിയർ ഹോം പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിനടുത്തിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങൾ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായി അവരുടെ പ്രവർത്തനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർക്ക് നിയർ ഹോം പദ്ധതിയിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ 10 വർക്ക് നിയർ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കൊട്ടാരക്കരയിലെ സെന്റർ 2025 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമുണ്ടാകും. Read on deshabhimani.com