കേന്ദ്ര അവഗണനയ്‌ക്കിടയിലും കേരളത്തിന്റെ കുതിപ്പ്‌ ; വികസന, സാമൂഹ്യക്ഷേമ മേഖലകളിൽ മുന്നേറി



തിരുവനന്തപുരം കേരളം സാമ്പത്തികമായി തകർന്നുവെന്ന്‌ വരുത്തുത്തീർക്കാൻ യുഡിഎഫ്‌ ബോധപൂർവം ശ്രമിക്കുമ്പോൾ വരുമാനവും ചെലവും വർധിപ്പിച്ചും വികസന, സാമൂഹ്യക്ഷേമ മേഖലകളിൽ മുന്നേറിയും സംസ്ഥാനം കുതിക്കുന്നു. കഴിഞ്ഞദിവസം കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ ഓഫ്‌ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട്‌ കേരളത്തിന്റെ മുന്നേറ്റം അടിവരയിടുന്നു. എന്നാൽ കേരളം തകർന്നുവെന്ന്‌ വരുത്താനാണ്‌ നിയമസഭയെ പോലും യുഡിഎഫ്‌ വേദിയാക്കിയത്‌.  കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറല്ല. കേന്ദ്രത്തിന്റെയും ദേശീയ അന്തർദേശീയ ഏജൻസികളുടെയും മികവിന്റെ പട്ടികകളിൽ കേരളം മുന്നിലെത്തുന്നത്‌ മറച്ചുപിടിക്കാനാണ്‌ യുഡിഎഫ്‌ ശ്രമം. ഉപതെരഞ്ഞെടുപ്പാണ്‌ പ്രചാരണലക്ഷ്യം. ചെലവിൽ വർധന ഉമ്മൻചാണ്ടി ഭരണത്തിൽ വർഷം ശരാശരി ചെലവ് 70,000 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 1.17 ലക്ഷം കോടിയായി വർധിച്ചു. ഇത്തവണ ഇതുവരെ 1.61 ലക്ഷം കോടിയായി. 2023 സെപ്‌തംബർവരെ സംസ്ഥാനത്തിന്റെ ആകെ ചെലവ്‌ 85,700 കോടിയായിരുന്നു. ഈ വർഷം സെപ്‌തംബർവരെ 94,882 കോടിയായി. വരുമാനത്തിലും വർധനയുണ്ടായി. 2020–--21 മുതൽ 2023–--24വരെ തനത് നികുതിവരുമാനം 64.10 ശതമാനം വർധിച്ചു. 2020-–-21 ൽ 47,660 കോടിയായിരുന്ന തനത്‌ നികുതി വരുമാനം 2023-–-24 ൽ 74,329 കോടിയായി. നികുതിയിതര വരുമാനത്തിൽ നൂറുശതമാനത്തിലേറെയാണ് വർധന. 2020-–-21 ൽ 7327 കോടിയായിരുന്നത്‌ 2023-–-4ൽ 16,346 കോടിയായി.   കേന്ദ്ര അവഗണനയുടെ സാക്ഷ്യം കേന്ദ്ര അവഗണനയുടെ ആഴം വ്യക്തമാകാൻ സംസ്ഥാനത്തെ ധന കൈമാറ്റത്തിന്റെ കണക്ക്‌ പരിശോധിച്ചാൽ മതി. 2021-–-22 ൽ വിവിധ ഇനങ്ങളിലായി 47,837 കോടി രൂപ കേരളത്തിന് ലഭിച്ചു. 2022-–-23ൽ ഇത്‌  45,639 കോടിയായി കുറഞ്ഞു. കഴിഞ്ഞവർഷം 33,811 കോടിയായി ഇടിഞ്ഞു. 2021-–-22നെ അപേക്ഷിച്ച് 14,026 കോടി കുറവ്. മുൻവർഷത്തെക്കാൾ 26 ശതമാനമാണ് കേന്ദ്ര വിഹിതങ്ങളിലെ കുറവ്. ഗ്രാന്റുകളുടെ കണക്കിലുമുണ്ട്‌ കേന്ദ്രവിവേചനം. 2021-–-22ൽ ഗ്രാന്റ് 30,017 കോടിയായിരുന്നു. കഴിഞ്ഞവർഷം 12,068 കോടിയായി ചുരുങ്ങി. 
56 ശതമാനംവരെയാണ്‌ നിഷേധിച്ചത്‌. 2021-–-22ൽ ജിഎസ്ഡിപിയുടെ 5.12 ശതമാനം കേന്ദ്രവിഹിതമായിരുന്നു. 2023–--24ൽ  2.88 ശതമാനം. വായ്പാപരിധിയും വെട്ടിക്കുറച്ചു. എന്നിട്ടും കേരളം മുന്നേറുമ്പോഴാണ്‌ കേന്ദ്രത്തെ വിമർശിക്കാതെ ബിജെപിക്കൊപ്പം കേരളത്തെ കുറ്റപ്പെടുത്തുന്ന യുഡിഎഫ്‌ നിലപാട്‌. Read on deshabhimani.com

Related News