കേരള എൻജിഒ യൂണിയൻ കായികമേള ; കണ്ണൂർ ഓവറോൾ ചാമ്പ്യൻമാർ
കൊച്ചി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ കായികമേളയിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. വാശിയേറിയ മത്സരത്തിൽ -113 പോയിന്റാണ് കണ്ണൂർ നേടിയത്. -103 പോയിന്റ് നേടിയ മലപ്പുറം ജില്ലയ്‌ക്കാണ് രണ്ടാംസ്ഥാനം. 88 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനം നേടി. മികച്ച പ്രകടനം കാഴ്‌ചവച്ച ഒമ്പതു താരങ്ങൾ വ്യക്തിഗത ചാമ്പ്യൻമാരായി. മാസ്‌റ്റേഴ്‌സ് വനിതാവിഭാഗത്തിൽ 15 പോയിന്റ് വീതം നേടി മലപ്പുറത്തിന്റെ കെ ടി ലുബിനയും കോഴിക്കോടിന്റെ ടി സുനിലയും വ്യക്തിഗത ചാമ്പ്യൻമാരായി. മാസ്‌റ്റേഴ്‌സ് പുരുഷവിഭാഗത്തിൽ 15 പോയിന്റ് നേടിയ വയനാടിന്റെ കെ എ പവിത്രനാണ് ചാമ്പ്യൻ. സൂപ്പർ സീനിയർ വനിതയിൽ 13 പോയിന്റ് നേടിയ എറണാകുളത്തിന്റെ ജിനി ജോർജും സൂപ്പർ സീനിയർ പുരുഷന്മാരിൽ 11 പോയിന്റ് വീതം നേടിയ കണ്ണൂരിന്റെ ടി ആർ സുഷാനന്ദും മലപ്പുറത്തിന്റെ കെ കുഞ്ഞഹമ്മദ്‌കുട്ടിയും വ്യക്തിഗത ചാമ്പ്യൻമാരായി. സീനിയർ പുരുഷന്മാരിൽ 15 പോയിന്റ് നേടിയ മലപ്പുറത്തിന്റെ ഇ അനീസ് റഹ്‌മാനും സീനിയർ വനിതകളിൽ 15 പോയിന്റ് നേടിയ കണ്ണൂരിന്റെ സിനു തോമസും വ്യക്തിഗത ചാമ്പ്യൻമാരായി. പിറന്നത് മികച്ച ദൂരവും സമയവും കേരള എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേളയിൽ പിറന്നത് മികച്ച ദൂരവും സമയവും. എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക് മൈതാനത്ത് സംഘടിപ്പിച്ച കായികമേളയിൽ 249 വനിതകളും 305 പുരുഷന്മാരും ഉൾപ്പെടെ 554 താരങ്ങൾ മാറ്റുരച്ചു. സംസ്ഥാന കായികമേളയോട് കിടപിടിക്കുംവിധമാണ് താരങ്ങൾ തിളങ്ങിയത്. ദേശീയ–-സംസ്ഥാന കായികമേളകളിൽ മികച്ച നേട്ടം കൈവരിച്ച നൂറുകണക്കിനുപേർക്ക് സംസ്ഥാന സർക്കാർ വിവിധ തസ്‌തികകളിൽ നിയമനം നൽകിയിരുന്നു. ഇവരുൾപ്പെടെയുള്ള മികച്ച താരങ്ങൾ അണിനിരന്നത് കായികമേളയുടെ മാറ്റുകൂട്ടി. ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയവരാണ് സംസ്ഥാനമത്സരത്തിന് എത്തിയത്. പുരുഷ–-വനിതാ സീനിയർ (40 വയസ്സുവരെ), സൂപ്പർ സീനിയർ (41–-50), മാസ്‌റ്റേഴ്‌സ് (50നുമുകളിൽ) എന്നീ വിഭാഗങ്ങളിലായി 100, 200, 400, 800, 4 x 100 ഓട്ടമത്സരവും ലോങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട്‌പുട്ട്, ജാവലിൻ, ഡിസ്‌കസ്‌ത്രോ ഇനങ്ങളിലുമാണ് മത്സരം നടന്നത്. പുരുഷന്മാരുടെ 3000 മീറ്റർ, വനിതകളുടെ 1000 മീറ്റർ നടത്തമത്സരവും ഉണ്ടായി. രാവിലെ ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്‌റ്റൻ ടോം ജോസഫ് കായികമേള ഉദ്‌ഘാടനം ചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. കായികതാരങ്ങളുടെ മാർച്ച്‌പാസ്‌റ്റും നടന്നു. വൈകിട്ട് മേയർ എം അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. സി ജി അനസും സിനു തോമസും വേഗതാരങ്ങൾ കേരള എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേള പുരുഷവിഭാഗത്തിൽ കോഴിക്കോടിന്റെ സി ജി അനസും വനിതകളിൽ കണ്ണൂരിന്റെ സിനു തോമസും വേഗമേറിയ താരങ്ങളായി. നൂറുമീറ്റർ മത്സരത്തിലാണ് ഇരുവരും സ്വർണം നേടിയത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച അനസ് 11.30 സെക്കൻഡിലാണ് നൂറുമീറ്റർ ഫിനിഷ് ചെയ്‌തത്. സീനിയർ വനിതാവിഭാഗം നൂറുമീറ്റർ മത്സരത്തിനിറങ്ങിയ സിനു തോമസ് 14.10 സെക്കൻഡിലാണ് ഒന്നാംസ്ഥാനം നേടിയത്. സീനിയർ പുരുഷന്മാരിൽ 11.90 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത എറണാകുളത്തിന്റെ എം എസ് സന്ദീപിനാണ് രണ്ടാംസ്ഥാനം. സീനിയർ വനിതകളിൽ 14.50 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ തൃശൂരിന്റെ അമ്പിളി തോമസിനാണ് വെള്ളി. നൂറുമീറ്റർ സൂപ്പർ സീനിയർ വിഭാഗത്തിൽ 12 സെക്കൻഡിൽ പാലക്കാടിന്റെ വി മഹേഷ് സ്വർണവും 12.20 സെക്കൻഡിൽ മലപ്പുറത്തിന്റെ കുഞ്ഞഹമ്മദുകുട്ടി വെള്ളിയും നേടി. മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ കൊല്ലത്തിന്റെ വി ജെ ഡേവിഡ് (13 സെക്കൻഡ്) സ്വർണവും കണ്ണൂരിന്റെ കെ ഷാനി (13.20 സെക്കൻഡ്) വെള്ളിയും നേടി. സൂപ്പർ സീനിയർ വനിതകളുടെ നൂറുമീറ്ററിൽ തൃശൂരിന്റെ പി എ സരിത (15.80 സെക്കൻഡ്) സ്വർണവും ഇടുക്കിയുടെ ഷീബാമോൾ (16.10 സെക്കൻഡ്) വെള്ളിയും നേടി. മാസ്‌റ്റേഴ്‌സ് വനിതാ വിഭാഗത്തിൽ കോഴിക്കോടിന്റെ ടി സുനില (17.20 സെക്കൻഡ്) സ്വർണവും വയനാടിന്റെ എൻ കെ സജിനി (18.40 സെക്കൻഡ്) വെള്ളിയും നേടി. Read on deshabhimani.com