നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് ; കേരളം നമ്പർ വൺ



തിരുവനന്തപുരം നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളത്തിന് ഒന്നാം സ്ഥാനം. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ സൂചികയിലാണ് (അർബൻ ഗവേണൻസ് ഇൻഡക്സ്) 59.31 പോയിന്റുമായി കേരളം ഒന്നാമതെത്തിയത്. ഒഡിഷ (55.10) രണ്ടാം സ്ഥാനവും മഹാരാഷ്ട്ര മൂന്നാം സ്ഥാനവും (52.40) നേടി. ഛത്തീസ്ഗഡ് (51.31), മധ്യപ്രദേശ് (50.83) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം (30 മാർക്ക്), നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത (15 മാർക്ക്), പൗരന്മാരുടെ ശാക്തീകരണം (25), സാമ്പത്തിക ശാക്തീകരണം (30) എന്നിങ്ങനെ ആകെ നൂറ് പോയിന്റിനാണ് സൂചിക കണക്കാക്കുന്നത്. ഇതിൽ സാമ്പത്തിക ശാക്തീകരണത്തിലും (23.22)  തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണത്തിലും കേരളം ഒന്നാമതാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം പട്ടികയിൽ പിന്നിലാണ്. നാഗാലാൻഡാണ് (19.57) ഏറ്റവും അവസാന സ്ഥാനത്ത്. ശക്തമായ നഗരസഭാ കൗൺസിലുകളും കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തദ്ദേശ മന്ത്രി എം ബി രാജേഷും ഹിമാചൽ പ്രദേശ് നഗരവികസന മന്ത്രി വിക്രമാദിത്യ സിങുമാണ് സൂചിക പ്രകാശിപ്പിച്ചത്. കേരളം കൂടുതൽ മികവിലേക്ക്: 
മന്ത്രി എം ബി രാജേഷ് കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് നഗരഭരണ സൂചികയിലെ ഒന്നാം സ്ഥാനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതിവേഗം നഗരവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അർബൻ കമീഷൻ ഉൾപ്പെടെയുള്ള നടപടികൾ കൂടി പൂർത്തിയാകുന്നതോടെ കേരളം കൂടുതൽ മികവിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News