പരസ്പരം ഏറ്റുമുട്ടി, മുഖ്യമന്ത്രിയുടെ പ്രീതിക്കായും ‘യുദ്ധം’ ; യുഡിഎഫ്‌ കാലം ഓർമിപ്പിച്ച്‌ സതീശൻ



തിരുവനന്തപുരം സ്കോട്ട്‌ലന്റ്‌ പൊലീസിന്‌ സമാനമായിരുന്ന കേരള പൊലീസിന്റെ കാര്യക്ഷമത എൽഡിഎഫ്‌ സർക്കാർ നശിപ്പിച്ചെന്ന്‌ ആരോപിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഓർമ്മിപ്പിച്ചത്‌ യുഡിഎഫ്‌ കാലം. അന്ന്‌ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ ആഭ്യന്തര വകുപ്പിനെയും സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടിയ ഐപിഎസ്‌ ഓഫീസർമാരെയും കേരളം മറന്നിട്ടില്ല. പെരുമ്പാവൂർ ജിഷ വധക്കേസ്‌ അന്വേഷണത്തിലെ അനാസ്ഥക്കെതിരെ ജനരോഷം ഉയർന്നപ്പോഴും അന്നത്തെ ഡിജിപി ആകെ കിട്ടിയ തെളിവായ ചെരുപ്പ്‌ കെട്ടിതൂക്കി കൊലപാതകിയെ കാത്തിരുന്നു. പിണറായി സർക്കാർ വന്നതോടെയാണ്‌ അക്കാര്യത്തിൽ തീരുമാനമായത്‌. 1991–-96 യുഡിഎഫ്‌ ഭരണകാലത്ത് മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രീതിപിടിച്ചു പറ്റാൻ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തർക്കം. ഒരു ഡിജിപിയുടെ പേരിലുള്ള വിജിലൻസ് റിപ്പോർട്ട്  മറ്റൊരു ഡിജിപി ചോർത്തി. രണ്ട് വിഭാഗങ്ങൾ തമ്മിൽ കുടിപ്പക. ഒടുവിൽ ജയറാംപടിക്കലിനേയും മധുസൂദനനേയും മുഖ്യമന്ത്രി ലീവെടുപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത്‌ രണ്ട് ഡിജിപിമാർ തമ്മിൽ സർവീസ് ചട്ടം പറഞ്ഞ്‌ സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടി. സോളാർ കേസിൽ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിക്കെതിരെ രഹസ്യനീക്കം നടത്തി. സരിതയുടെ ഫോൾകോൾ വിവരങ്ങൾ ഐജി വഴി പുറത്ത് വിട്ടപ്പോൾ അതേ ഐജിക്കെതിരെ മുഖ്യമന്ത്രി ഇന്റലിജൻസ് അന്വേഷണം നടത്തിച്ചു. കുത്തഴിഞ്ഞ അക്കാലത്തുനിന്നാണ്‌ അച്ചടക്കമുള്ളതും ഏത്‌ വമ്പൻ കേസും തെളിയിക്കുന്ന രീതിയിലേക്ക്‌ എൽഡിഎഫ്‌ സർക്കാരിന്‌ കീഴിൽ പൊലീസ്‌ മാറിയത്‌. തെലങ്കാനയിൽ  മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ മൂക്കിന് താഴെയുള്ള മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി കണ്ടെത്തിയത്‌ കേരള പൊലീസാണ്‌. കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി പുറത്തുകൊണ്ടുവന്നു. ആർഎസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികൾ ജംഇയ്യത്തുൽ ഇഹ്‌സാനിയ എന്ന തീവ്രവാദ പ്രവർത്തകർ ആണെന്ന്‌ കണ്ടെത്തിയതും ഇപ്പോഴത്തെ പൊലീസ്‌. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ നാല് സിപിഐ എം പ്രവർത്തകർ നിരപരാധികളാണെന്ന്‌ തെളിഞ്ഞതും ഇക്കാലത്ത്‌. ഇതെല്ലാം മറച്ചുവച്ച്‌ ഒരു സംഘം മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ പൊലീസിനെയാകെ ആക്ഷേപിക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. Read on deshabhimani.com

Related News