കലാകാരന്മാരെ അറിയാം; കേരള ആര്‍ട്ടിസ്റ്റ് ഡാറ്റ ബാങ്കിലൂടെ



തൃശൂർ > ഇന്ത്യയിൽ കലാകാരന്മാരുടെ ആദ്യ ഡാറ്റാ ബാങ്കുമായി കേരള സം​ഗീത നാടക അക്കാദമി. സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ട ആദ്യ സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. കഴിഞ്ഞ ദിവസം നടന്ന അക്കാദമി പുരസ്‌കാര സമർപ്പണ ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അക്കാദമി വെബ്സൈറ്റിന്റെയും ആർട്ടിസ്റ്റ് ഡാറ്റാബാങ്കിന്റെയും  ഉദ്ഘാടനം  നിർവഹിച്ചു.    ഭാവിയിൽ സർക്കാർ സേവനങ്ങളും ആനൂകൂല്യങ്ങളും കലാകാരന്മാര്‍ക്ക് ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സായി ഡാറ്റാ ബാങ്ക് മാറുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.   അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralasangeetha natakaakademi.in  ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി കലാകാരന്മാര്‍ക്ക് ഡാറ്റാ ബാങ്കിന്റെ ഭാഗമാകാം. 20 വയസ്സിന് മുകളിലുള്ള കലാകാരന്മാര്‍ക്ക്  പേരു ചേർക്കാം. 41 ചോദ്യങ്ങളാണ് ​ഗൂ​ഗിള്‍ ഫോമിലുള്ളത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി, സബ്മിറ്റ് ബട്ടൺ അമർത്തിയാൽ ഡാറ്റാ ബാങ്കിലേക്കുള്ള വിവരണ സമർപ്പണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാകും. തുടർന്ന് അക്കാദമിയിലെ വിദഗ്ധ പാനൽ ഗൂഗിൾ ഫോം വിലയിരുത്തി ഡാറ്റാ ബാങ്കിൽ  ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന്‌ തീരുമാനിക്കും. ഈ പരിശോധനയും പൂർത്തിയായതിനുശേഷമാണ് ഡാറ്റാ ബാങ്കിലേക്ക്   കലാകാര‍ന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തുക.    കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി കലാകാരന്മാര്‍ക്ക് ഡാറ്റാ ബാങ്കിൽ പേരു ചേർക്കാം. കലാകാരന്മാര്‍ നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ ഗൂഗിൾ ഫോം  സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരന്മാരുടെ പ്രൊഫൈൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് സെക്രട്ടറി അറിയിച്ചു. Read on deshabhimani.com

Related News