സംസ്ഥാന സ്കൂൾ കായികമേള ; ശ്രീജേഷ്‌ ബ്രാൻഡ്‌ അംബാസഡർ , ഉദ്ഘാടനം മഹാരാജാസ് മൈതാനത്ത്‌

സ്കൂൾ കായികമേളയ്ക്ക്‌ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് നൽകാൻ കണ്ണൂർ തളിപ്പറമ്പ് മൂത്തേടത്ത്‌ സ്കൂളിലെ കുട്ടികൾ 
തയ്യാറാക്കിയ കിരീടങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അണിയിക്കുന്നു


കൊച്ചി ഹോക്കിതാരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ്‌ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറാകും. നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന മേളയുടെ സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തേ നിശ്ചയിച്ചതിൽനിന്ന്‌ വ്യത്യസ്തമായി മേളയുടെ ഉദ്‌ഘാടനം  മഹാരാജാസ് കോളേജ് മൈതാനത്ത്‌ നടത്തും. 11ന് വൈകിട്ട്  സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കും.  കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്കായുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മാധ്യമപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു. ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള ഉദ്‌ഘാടനച്ചടങ്ങുകൾക്ക്‌ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയമാണ്‌ വേദിയായി നിശ്ചയിച്ചിരുന്നത്‌.  ഇവിടെ ഐഎസ്‌എൽ ഫുട്‌ബോളിനുള്ള ടർഫ്‌ മറ്റാവശ്യത്തിന്‌ ഉപയോഗിക്കുന്നതിലുള്ള തടസ്സംമൂലമാണ്‌ വേദി മാറ്റിയത്‌. മൂവായിരം കുട്ടികൾ പങ്കെടുക്കുന്ന ഡിസ്‌പ്ലേ ഉൾപ്പെടെ രണ്ടുമണിക്കൂർ നീളുന്നതാണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌. കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന്‌ വിളംബരജാഥകൾ നവംബർ മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും.ഭിന്നശേഷിക്കാരായ രണ്ടായിരം കുട്ടികൾ പങ്കെടുക്കുന്ന ഭിന്നശേഷി കായികമേള  ചരിത്രത്തിലാദ്യമായി സ്കൂൾ കായികമേളയ്‌ക്കൊപ്പം നടക്കും. Read on deshabhimani.com

Related News