ഷൊർണൂർ ട്രെയിൻ അപകടം; മൂന്ന് ലക്ഷം ധനസഹായം: മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ



തിരുവനന്തപുരം > ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശികളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഷൊർണൂർ പാലത്തിൽ വച്ച് കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളായ നാല് പേർ മരിച്ചത്. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്‌മണൻ, ഭാര്യ വള്ളി, റാണി, ഭർത്താവ്‌ ലക്ഷ്‌മണൻ എന്നിവരാണ്‌ മരിച്ചത്‌. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു ഇവർ. ഷൊർണൂർ സ്റ്റേഷനിൽ ക്ലീനിങ് ജോലി ചെയ്തിരുന്ന ഇവർക്ക് സ്പീഡ് റെയിൽവെ ട്രാക്ക് ക്ലീനിങ് പരിചയമുണ്ടായിരുന്നില്ല. മറ്റ് മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ ● കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ വീതം അനുവദിക്കും. ● സംസ്ഥാനത്ത് 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് 2021 മെയ് ഏഴിന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി നവംബർ ഏഴ്  മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. ● മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 2023 മെയ് ഏഴിന് ഉണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരത്തിൽ ദുരന്തങ്ങൾ ഒഴിവാക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കുന്നതിന് 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബർ 12 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകി വിജ്ഞാപനം പുറപ്പെടുവിക്കും. ● കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം ബാങ്കുകളിൽ നിന്നും സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കും. ● കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഈടായി നൽകി കെടിഡിഎഫ്സിയുടെ വായ്പാവിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നൽകും. ● ഇരവിപുരം നിയോജക മണ്ഡലത്തിലെ  വൈഎംസിഎ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു. ● തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കും. ● കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരിത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് 17 തസ്തികകൾ ഒരു വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിച്ച് സ്‌പെഷ്യൽ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു. ● കൊല്ലം കെഎംഎംഎല്ലിന്റെ 5 ഏക്കർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനു നൽകി അയൺ ഓക്‌സൈഡ് റസിഡ്യൂ പ്രോസസ്സിംഗ് പ്ലാന്റ്, ഇടിപി സ്ലഡ്ജ് പ്രോസസ്സിങ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറിൽ ഏർപ്പെടാൻ കെഎംഎംഎൽ ഡയറക്ടർക്ക് അനുമതി നൽകി. Read on deshabhimani.com

Related News