കേരള ട്രാവല്‍ മാര്‍ട്ട് സമാപിച്ചു; നടന്നത് 75,000 വാണിജ്യ കൂടിക്കാഴ്ചകള്‍
കൊച്ചി കേരള ട്രാവൽ മാർട്ടിന്റെ 12–-ാംലക്കത്തിൽ മൂന്നുദിവസമായി നടന്നത് 75,000ലേറെ വാണിജ്യ കൂടിക്കാഴ്ചകൾ. 11–-ാംലക്കത്തിൽ 55,000 വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾക്കും ടൂറിസം വ്യവസായത്തിനും കൂടുതൽ ഉണർവും ദിശാബോധവും നൽകിയ കേരള ട്രാവൽ മാർട്ട് സമാപിച്ചു. നിർമിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് ടൂറിസം വ്യവസായം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള ദിശാബോധം കെടിഎമ്മിലൂടെ സംരംഭകർക്ക് ലഭിച്ചെന്നും കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി രണ്ടായിരത്തോളം ആഭ്യന്തര ബയർമാരാണ് പങ്കെടുത്തത്. 75 രാജ്യങ്ങളിൽനിന്നായി എണ്ണൂറോളം വിദേശ ബയർമാരുമെത്തി. കെടിഎം സോഫ്റ്റ്‌വെയർവഴിമാത്രം മുൻകൂട്ടി തയ്യാറാക്കിയതും അല്ലാത്തതുമായി ഉദ്ദേശം 75,000 കൂടിക്കാഴ്ചകളാണ് നടന്നതെന്ന് സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥൻ അറിയിച്ചു. ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളെ ഉൾക്കൊള്ളിച്ച് നാല് സെമിനാറും നടന്നു. മൈസ് ടൂറിസം, വെഡിങ് -ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നിവയായിരുന്നു കെടിഎം മുന്നോട്ടുവച്ച പ്രധാന ഇനങ്ങൾ. സമാപനസമ്മേളനം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ ഡി വെങ്കടേശൻ മുഖ്യാതിഥിയായി. കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അധ്യക്ഷനായി. Read on deshabhimani.com