പ്രമേഹമുറിവിന്റെ ഡ്രസ്സിംഗിന് പേറ്റന്റ് അതുല്യനേട്ടം: മന്ത്രി ഡോ. ആർ ബിന്ദു



തിരുവനന്തപുരം > പ്രമേഹരോഗികളില്‍ മുറിവുണങ്ങാനായുള്ള നൂതന ഡ്രസ്സിംഗിന് പേറ്റന്റ് വഴി കേരളസർവ്വകലാശാല നടത്തിയിരിക്കുന്നത് റീജനറേറ്റീവ് മെഡിക്കൽ മേഖലയിൽ ഭാവി നിർണ്ണയിക്കാൻ കഴിയുന്ന കാലടിവെയ്‌പ്പാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു . സർവ്വകലാശാലാ ഗവേഷണങ്ങൾ അടിയന്തിരമായ സാമൂഹികാവശ്യങ്ങൾ നിറവേറ്റുന്നതുകൂടി ആക്കാനുള്ള പ്രവർത്തനങ്ങൾ വിജയിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളസർവ്വകലാശാലയുടെ പുതിയ പേറ്റന്റ് നേട്ടം - മന്ത്രി ബിന്ദു പറഞ്ഞു. കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കും. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം പലപ്പോഴും അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥവരും. ഈ ആരോഗ്യവെല്ലുവിളിയ്ക്ക് പരിഹാരമാർഗ്ഗമാണ് കേരള സർവ്വകലാശാലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളില്‍ മുറിവുണക്കല്‍ മെച്ചപ്പെടുത്താനുള്ള ഫെറുലിക് ആസിഡ് അടങ്ങിയ ആള്‍ജിനേറ്റ് ഡയാല്‍ഡിഹൈഡ് ജലാറ്റിന്‍ ഹൈഡ്രോജെല്‍ ആണ് സര്‍വ്വകലാശാല വികസിപ്പിച്ചത്. ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്‍റെയും കൊളാജിന്‍ നിക്ഷേപത്തെ സഹായിക്കുന്ന എല്‍-പ്രോലിന്‍റെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വകലാശാല ബയോകെമിസ്ട്രി വിഭാഗത്തിന് കീഴിലുള്ള അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ ടിഷ്യു എന്‍ജിനീയറിംഗിലെ ഗവേഷക ഫാത്തിമ റുമൈസയും പ്രൊഫസര്‍ മിനി എസും ഹൈഡ്രോജെല്‍ വികസിപ്പിച്ചത്. മുയലുകളിലെ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മനുഷ്യനിൽ ഹൈഡ്രോജെലിന്റെ ഫലപ്രാപ്‌തി എത്രയുണ്ടെന്നറിയാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണിപ്പോൾ ഗവേഷകർ. തുടർന്ന് ഇതിന്റെ വിപണനസാധ്യതകളിലേക്ക് കടക്കാനാവും. ഫെബ്രുവരി മൂന്നു മുതൽ ഇരുപതു വർഷത്തേക്കാണ് പേറ്റന്റെന്ന് മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News