കേരളീയം: ഭക്ഷ്യമേളയ്ക്ക് നവീന ആശയങ്ങളുമായി ഫുഡ് വ്ളോഗർമാരും

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ് വ്ളോഗർമാരുടെ മീറ്റ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം > കേരളീയത്തിന്റെ ഭാഗമായി രുചിവൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്ളോഗർമാരും. ചൊവ്വാഴ്ച മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ ഫുഡ് വ്ളോഗർമാർ ഭക്ഷ്യമേള ജനകീയമാക്കാൻ വൈവിധ്യമാർന്ന ആശയങ്ങൾ പങ്കുവച്ചു.   തട്ടുകടമുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളിൽവരെയുള്ള രുചിവൈവിധ്യങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയവൽക്കരിച്ച വ്ളോഗർമാരെ ഒരു സംസ്ഥാന സർക്കാർ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ആദ്യമായിരിക്കും. കേരളത്തിന്റെ പെരുമയും കരുത്തും ലോകത്തെ വിളിച്ചറിയിക്കുന്ന കേരളീയത്തിന്റെ വിജയത്തിനായി വ്ളോഗർമാരുടെ പങ്കാളിത്തവും ഇടപെടലും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.   പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാൻഡഡ് ഭക്ഷ്യമേള, തട്ടുകട ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടെ പത്ത്‌ വ്യത്യസ്ത ഭക്ഷ്യമേള നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.  ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ എ റഹിം എംപി  അധ്യക്ഷനായി. കെടിഡിസി മാനേജിങ്‌ ഡയറക്ടറും ഫുഡ് കമ്മിറ്റി കൺവീനറുമായ ശിഖ സുരേന്ദ്രൻ, വ്യവസായ വകുപ്പ് ഡയറക്ടറും കേരളീയം സ്വാഗതസംഘം കൺവീനറുമായ എസ് ഹരികിഷോർ, ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിയും ഫുഡ് കമ്മിറ്റി കോ ഓർഡിനേറ്ററുമായ സജിത് നാസർ എന്നിവര്‍ സംസാരിച്ചു.   Read on deshabhimani.com

Related News