മരക്കൊമ്പ് വീണ് വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യത: ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി



തിരുവനന്തപുരം > സംസ്ഥാനത്ത് മഴയും കാറ്റും കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശവുമായി കെഎസ്ഇബി. മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും അതിനാൽ പുറത്തിറങ്ങുമ്പോൾ കനത്ത ജാ​ഗ്രത പാലിക്കണമെന്നും കെഎസ്ഇബി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് കുറിപ്പ് കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് മധ്യ കേരളത്തിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്ടി പോസ്റ്റുകളും എൽടി പോസ്റ്റുകളും തകർന്നിട്ടുണ്ട്. നിരവധി ട്രാൻസ്ഫോർമറുകൾക്ക്‍ കേടുപാടുകൾ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെഎസ്ഇബി ജീവനക്കാർ എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപകൽ ഭേദമില്ലാതെ കർമ്മനിരതരാണ്. സാധാരണ ഗതിയിൽ ഏതെങ്കിലും തരത്തിൽ വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിർവഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും മുൻഗണന. തുടർന്ന് എൽടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികൾ പരിഹരിക്കുക. പ്രതികൂല സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. ഓർക്കുക ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും. Read on deshabhimani.com

Related News