കെഐആര്‍എഫ് റാങ്ക് പ്രഖ്യാപിച്ചു ; കുസാറ്റ് മികച്ച സർവകലാശാല
തൃശൂർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ (കെഐആർഎഫ്) പ്രഥമ റാങ്കുകൾ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എൻഐആർഎഫ് മാതൃകയിലാണ് റാങ്ക് പ്രഖ്യാപിച്ചത്. സർവകലാശാലകളും കോളേജുകളും ഉൾപ്പടെ 449 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് റാങ്കിങ്ങിൽ പങ്കെടുത്തത്. സർവകലാശാല വിഭാഗത്തിൽ കൊച്ചി ശാസ്ത്ര സർവകലാശാല ഒന്നാമതെത്തി. കേരള രണ്ടും എംജി മൂന്നും റാങ്ക് നേടി. കാലടി സംസ്കൃത സർവകലാശാല ഒമ്പതാം റാങ്കും നേടി. ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ റാങ്ക് പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് ഒന്നാമത്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് രണ്ടും എറണാകുളം സെന്റ് തേരേസാസ് കോളേജ് മൂന്നും റാങ്ക് നേടി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (എട്ട്), എറണാകുളം മഹാരാജാസ് കോളേജ് (പത്ത്) റാങ്ക് നേടി. എൻജിനിയറിങ് കോളേജുകളിൽ എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (നാല്), കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് (അഞ്ച്) എന്നിവ റാങ്ക് പട്ടികയിലുണ്ട്. ടീച്ചർ എജ്യുക്കേഷൻ കോളേജ് വിഭാഗത്തിൽ എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (നാല്), മൂത്തകുന്നം എസ്എൻഎം ട്രെയിനിങ് കോളേജ് (എട്ട്), എറണാകുളം നാഷണൽ കോളേജ് ഫോർ ടീച്ചർ എജ്യുക്കേഷൻ (പത്ത്) എന്നിവയും പട്ടികയിൽ ഇടംനേടി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com