ബ്യൂട്ടി പാർലർ വെടിവയ്‌പ്‌: പിടികിട്ടാപ്പുള്ളി യൂസഫ് സിയ അറസ്‌റ്റിൽ



കൊച്ചി > കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്‌പുകേസിലെ പിടികിട്ടാപ്പുള്ളി യൂസഫ് സിയ അറസ്റ്റിൽ. സംഭവത്തിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഇടപെടുവിച്ച ഇയാൾ, വിദേശത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച പുലർച്ചെയാണ് പിടിയിലായത്. വ്യാജ പാസ്‌പോർട്ടുമായി വിമാനത്താവളത്തിലെത്തിയ സിയയെ പൊലീസിന്റെ നോട്ടീസുള്ളതിനാൽ സുരക്ഷാജീവനക്കാർ തടയുകയായിരുന്നു. കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സേന (എടിഎസ്) ഏറ്റുവാങ്ങി കൊച്ചിയിലെത്തിച്ചു. ചോദ്യം ചെയ്യലിനുശേഷം ഇയാളെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും. കാസർകോട്ടെ ഗുണ്ടാനേതാവായ സിയ അറിയിച്ചതുപ്രകാരമാണ് നടി ലീന മരിയ പോളിനെ പണത്തിനായി രവി പൂജാരി ഭീഷണിപ്പെടുത്തിയത്‌. വഴങ്ങാത്തതിനെ തുടർന്ന്‌ പെരുമ്പാവൂരിലെ ഗുണ്ടാനേതാവിന്‌ സിയ ക്വട്ടേഷൻ നൽകിയാണ്‌ ബിലാൽ, വിപിൻ എന്നിവരെ വെടിവയ്‌പിന്‌ ചുമതലപ്പെടുത്തിയത്‌. 2018 ഡിസംബർ പതിനഞ്ചിനാണ് പനമ്പിള്ളി നഗറിലെ ലീനയുടെ  ബ്യൂട്ടി പാർലറിൽ വെടിവയ്‌പ് നടത്തിയത്. കേസിൽ ബിലാൽ, വിപിൻ, അൽത്താഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റു പ്രതികളായ നിസാം സലിം, അജാസ് എന്നിവരെ പിടികൂടാനുണ്ട്‌.   Read on deshabhimani.com

Related News