‘പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം’; രണ്ടാം വർഷവും കൊച്ചി മെട്രോ ലാഭത്തിൽ
കൊച്ചി > തുടർച്ചയായ രണ്ടാം വർഷവും പ്രവർത്തന ലാഭം കൈവരിച്ച് കൊച്ചി മെട്രോ. കഴിഞ്ഞ വർഷമാണ് മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടിയോളം പ്രവർത്തന ലാഭം വർധിപ്പിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ തുടർച്ചയായ വർഷങ്ങളിൽ പ്രവർത്തനലാഭം കരസ്ഥമാക്കി ചരിത്രം രചിച്ചിരിക്കുകയാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2021-22 കാലയളവിൽ 31229 പേരാണ് ശരാശരി ഒരു ദിവസം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിൽ 2022-23ൽ ഇത് 68168 ആയി വർധിച്ചിരുന്നു. 2023-24 വർഷത്തിൽ വീണ്ടും വലിയ വർധനവ് സൃഷ്ടിച്ചുകൊണ്ട് ശരാശരി 88292 പേർ ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്ത നിരവധി ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായി. ‘പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടത്തിൽ കെഎംആർഎല്ലിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണമാരംഭിക്കുകയും ചെയ്തതും ഈ കാലയളവിലെ നേട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിൻ്റെ കാലത്തു തന്നെ കൊച്ചി മെട്രോയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’–- പി രാജീവ് പറഞ്ഞു. Read on deshabhimani.com