കൊച്ചി മെട്രോ പേട്ട–എസ്‌എൻ ജങ്ഷൻ കമീഷനിങ്‌ 15നകം



കൊച്ചി> കൊച്ചി മെട്രോയുടെ പേട്ട–-എസ്എൻ ജങ്‌ഷൻ പാത പതിനഞ്ചിനകം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുമെന്ന്‌ സൂചന. ഈ പാതയിൽ മെട്രോ സർവീസ്‌ ആരംഭിക്കുന്നതോടെ ദിവസവും പതിനായിരത്തോളം യാത്രക്കാർ വർധിക്കുമെന്ന പ്രതീക്ഷയിലാണ്‌ കെഎംആർഎൽ അധികൃതർ. മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 73,000 വരെ എത്തിയിരുന്നു. ഇത്‌ ഒരുലക്ഷമാക്കുകയാണ്‌ ലക്ഷ്യം. ആലുവമുതൽ എസ്‌എൻ ജങ്‌ഷൻവരെയുള്ള യാത്രയ്‌ക്കും 60 രൂപയാകും നിരക്ക്‌. വടക്കേകോട്ട, എസ്‌എൻ ജങ്‌ഷൻ സ്‌റ്റേഷനുകൾകൂടി വരുന്നതോടെ ആകെ മെട്രോ സ്‌റ്റേഷനുകൾ ഇരുപത്തിനാലാകും. പാത തുറക്കുന്നതിനുമുന്നോടിയായുള്ള സുരക്ഷാപരിശോധന വെള്ളിയാഴ്‌ച പൂർത്തിയായി. 1.8 കിലോമീറ്റർ നീളമുള്ള പുതിയ പാതയിൽ ട്രെയിൻ ഓടിച്ച്‌, അനുബന്ധസംവിധാനങ്ങളുടെ കാര്യക്ഷമത മെട്രോ റെയിൽ സുരക്ഷാ കമീഷണറുടെ നേതൃത്വത്തിൽ രണ്ടുദിവസമായി പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർവീസ്‌ തുടങ്ങുക. റിപ്പോർട്ട്‌ രണ്ടുദിവസത്തിനകം ലഭിച്ചാൽ പതിനഞ്ചിനകം ഉദ്‌ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ കെഎംആർഎൽ അധികൃതർ. പതിനേഴിനാണ്‌ മെട്രോയുടെ അഞ്ചാംവാർഷികം. അതിനുമുമ്പ്‌ പാത തുറന്നുകൊടുക്കാനാണ്‌ ശ്രമം. ഉദ്‌ഘാടനത്തിൽ പങ്കെടുക്കേണ്ട കേന്ദ്ര–-സംസ്ഥാന പ്രതിനിധികളുടെ സമയംകൂടി ലഭിച്ചാൽ ഉദ്‌ഘാടനതീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. കൊച്ചി മെട്രോ റെയിൽ പദ്ധതിയിൽ കെഎംആർഎൽ നേരിട്ട്‌ മേൽനോട്ടവും നിർമാണവും നടത്തിയ റെയിൽപ്പാതയാണ്‌ പേട്ട–-എസ്‌എൻ ജങ്‌ഷൻ. ആലുവമുതൽ പേട്ടവരെയുള്ള പാതയ്‌ക്ക്‌ ഡിഎംആർസിയാണ്‌ മേൽനോട്ടം വഹിച്ചത്‌. 2019 ഒക്ടോബറിലാണ് പേട്ട–-എസ്‌എൻ ജങ്‌ഷൻ പാതയുടെ നിർമാണം ആരംഭിച്ചത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിർമാണച്ചെലവ്. സ്റ്റേഷൻ നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവഴിച്ചു. Read on deshabhimani.com

Related News