കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പ് 2025 ഡിസംബറിൽ

ബിനാലെ പ്രഖ്യാപനച്ചടങ്ങിൽ ക്യുറേറ്റർ നിഖിൽ ചോപ്രയ്-ക്ക് ഹസ്തദാനം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ


  തിരുവനന്തപുരം വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. പ്രശസ്‌ത കലാകാരൻ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തത്സമയ പ്രകടനം, ചിത്രകല, ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ്  നിഖിൽ ചോപ്രയെന്ന്‌  അദ്ദേഹം പറഞ്ഞു. കലാമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിങ്‌, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.   കലയുടെയും  സംവാദത്തിന്റെയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയിൽ ഭാഗമാകാൻ കേരളത്തിലെയും രാജ്യത്തെയും ലോകമെമ്പാടുമുള്ള ആസ്വാദകരെ  ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഹോട്ടൽ വിവാന്തയിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി വേണു, ശശി തരൂർ എംപി, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവരും സംസാരിച്ചു.   Read on deshabhimani.com

Related News