കുതിപ്പിനൊരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജ്: കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഒരുങ്ങുന്നു



കൊച്ചി > പൊതുജനാരോഗ്യ രംഗത്ത് കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജ്. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിനു കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സെൻ്ററിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് കൊച്ചി കാൻസർ സെന്ററിനായി ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണു തയാറാകുന്നത്. ആകെ 12 ഓപ്പറേഷൻ തിയേറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക്  ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സംവിധാനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. കാൻസർ സെന്ററിൽ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കു കൂടി കുറച്ചു സ്ഥലം അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ട്. കാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട പ്രയോഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണിത്. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോൾ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാൻസർ ചികിത്സ, ഗവേഷണം, സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടിയാണു കാൻസർ സെന്ററിന്റെ നിർമാണ ചെലവ്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കിഫ്ബി അധികൃതർ എന്നിവരുടെ യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകൾ ജനുവരിയിൽ തന്നെ പൂർത്തിയാകും. ബ്ലോക്കിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏപ്രിൽ മാസം അവസാനം പൂർത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണു നിർമാണ ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കകളുണ്ട്. ആകെ 1342 കിടക്കകൾ സജ്ജമാകും. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്. രോഗികൾക്കു കാത്തിരിക്കാനുള്ള സൗകര്യം, സാങ്കേതിക സംവിധാനങ്ങൾ, ഡോക്ടർമാർക്കാവശ്യമായ സൗകര്യങ്ങൾ, വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയ എല്ലാ അത്യാധുനിക സംവിധാനങ്ങളും സാധാരണ ജനങ്ങൾക്കു കൂടി പ്രാപ്യമാകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News