പി എ മുഹമ്മദിന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു
തിരുവനന്തപുരം > വയനാട്ടില്‍ സിപിഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദിന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചിച്ചു. മലയോര പ്രദേശമായ വയനാട് എല്ലാ തരത്തിലുള്ള തടസങ്ങളേയും മറികടന്ന് സിപിഐ എമ്മിന് വേരുറപ്പിക്കാന്‍ നേതൃത്വം കൊടുത്ത നേതാവായിരുന്നു പി എ മുഹമ്മദ് എന്ന് അനുശോചന സന്ദേശത്തില്‍ കോടിയേരി പറഞ്ഞു. പാര്‍ടിയുടെ വയനാട് ജില്ലാ കമ്മറ്റി രൂപികൃതമായ കാലം മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കാല്‍ നൂറ്റാണ്ട് ജില്ലാ സെക്രട്ടറി ആയി. കര്‍ഷകരുടേയും, ബഹുജനങ്ങളുടേയും അവകാശ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥക്കാലത്തും, തൊഴിലാളി, കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വേളകളിലും അനവധി തവണ ജയിലില്‍ കിടന്നു. പാര്‍ടിക്ക് വേരോട്ടമില്ലാത്തതായിരുന്നു ഒരു കാലത്ത് കുടിയേറ്റ മണ്ണെങ്കില്‍ പിന്നീട് അതിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാന്‍ മുന്നില്‍ നിന്ന് നേതൃത്വം കൊടുത്തു പി എ എന്ന് അറിയപ്പെട്ട പി എ മുഹമ്മദ്. സേലം വെടിവയ്‌പിനെതിരെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സമരം നടത്തി പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സമര പാരമ്പര്യം വയനാട്ടിലെ ജന്മികളുടെയും തോട്ടം മുതലാളിമാരുടേയും ചൂഷണങ്ങളെ ചോദ്യം ചെയ്‌ത പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. കര്‍ഷക തൊഴിലാളി സംഘടന, സഹകരണ മേഖല, ജനപ്രതിനിധി, ദേശാഭിമാനി പത്രം എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവന ഏറെ വിലപ്പെട്ടതാണ്. സമര മുഖത്തും സംഘടനാരംഗത്തും കരുത്തോടെ ഇടപെടുമ്പോഴും പെരുമാറ്റത്തിലെ ലാളിത്യം ഒരിക്കലും കൈവിട്ടില്ല. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും ബഹുജനങ്ങള്‍ക്കിടയിലും എല്ലാ കാലത്തും വലിയ തോതിലുള്ള അംഗീകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. ആക്ഷേപഹാസ്യ രൂപത്തിലുള്ള പ്രസംഗം ഏറെ ജനപ്രിയമായിരുന്നു. അപ്പോഴും, വ്യക്തതയോടെ ആശയവും പാര്‍ടി നിലപാടും ഏവരേയും ബോധ്യപ്പെടുത്തുന്ന ക്ലാസുകളുമായിരുന്നു പ്രസംഗങ്ങള്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിന്റേയും ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സഖാക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. കമ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സ്‌മരണ എക്കാലത്തും പാര്‍ടിക്ക് കരുത്താണെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. Read on deshabhimani.com