അനുഭവത്തിന്റെ കരുത്തിൽ പാർട്ടി അമരത്ത് ഇത് മൂന്നാം തവണ
കൊച്ചി > സമരതീഷ്‌ണതയിൽ വാർത്തെടുത്ത സൗമ്യദീപ്‌തിയാർന്ന സാന്നിധ്യം. അതാണ് കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണ്ണതയിൽ നിറവേറ്റിയ നിറവോടെയാണ് കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃപദവിയിലേക്ക് കോടിയേരി വീണ്ടും എത്തുന്നത്. 2018ൽ തൃശൂർ സമ്മേളനം തുടർ ഭരണം നേടുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോടിയേരിൽ അർപ്പിച്ചത്. അത് കൈവരിച്ച ആത്മസംതൃപ്‌തിയോടെയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാമൂഴം. എണ്ണമറ്റ പോരാട്ടങ്ങളുടെ തീകരുത്താണ് കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃശേഷിയുടെ അനുഭവ സമ്പത്ത്. ഏത് പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടുന്നതാണ് കോടിയേരിയുടെ വ്യക്തിവൈശിഷ്‌ട്യം. ചിട്ടയായ സംഘടനാ പ്രവർത്തനം, പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌ക്കാന്തി, അചഞ്ചലമായ പാർടിക്കൂറ്, കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കുന്നതിനുള്ള നേതൃപാടവം. ഇവയെല്ലാം ഇവിടെ ഉൾചേരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. തലശ്ശേരിയിലെ കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രിഡിഗ്രിക്ക് ചേർന്നു. മാഹി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌എഫ് പ്രവർത്തകനായി വിദ്യാർത്ഥി സംഘടനാ രംഗത്ത് എത്തി. പിന്നീട് കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെ പ്രവർത്തന കേന്ദ്രം തലസ്ഥാനത്തായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ 1973ൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആസ്ഥാനത്ത് തുടർന്നു. 1971ലെ തലശ്ശേരി കലാപ സമയത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള സ്‌ക്വാഡ് പ്രവർത്തനങ്ങളിൽ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, എൽസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി 1980 മുതൽ 82 വരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1988 ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1995ൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17–-ാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. 2008 ലെ 19–-ാം പാർടി കോൺഗ്രസിൽ പിബി അംഗമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശ്ശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.അറസ്‌റ്റിലായ കോടിയേരിക്ക് ലോക്കപ്പിൽ ക്രുരമായ മർദ്ദനമേറ്റു. മിസ പ്രകാരം പിന്നീട് ജയിലിലടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇ കെ ഇമ്പിച്ചിബാവ, എം പി വീരേന്ദ്രകുമാർ, ബാഫക്കി തങ്ങൾ, വിവി ദക്ഷിണാമൂർത്തി എന്നിവർക്കൊപ്പം ജയിൽ വാസം. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവെ സമരത്തിലടക്കം പങ്കെടുത്ത കോടിയേരിക്ക് പൊലീസി്ന്റെ ഭീകര മർദ്ദനമേറ്റു. 1982 ൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുത്തു. 87, 2001,2006,2011 കാലയളവിലും തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു.2006–-11 കാലയളവിൽ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും 2001ലും 2011ലും പ്രതിപക്ഷ ഉപനേതൃസ്ഥാനവും വഹിച്ചു. ജനമൈത്രി പൊലീസ് പദധതി കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് നടപ്പാക്കിയത്. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ നിയമസഭയിൽ സർക്കാരിന്റെ കൊള്ളരുതായ്‌മകൾക്കെതിരെ കടന്നാക്രമണം നടത്തിയ കോടിയേരി തിളക്കമാർന്ന പ്രവർത്തനം കാഴ്‌ചവച്ചു. തലശ്ശേരി എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകൾ എസ് ആർ വിനോദിനിയാണ് ഭാര്യ. മക്കൾ. ബിനോയ് കോടിയേരി, അഡ്വ ബിനീഷ് കോടിയേരി. മരുമക്കൾ. ഡോ അഖില, റിനിറ്റ. Read on deshabhimani.com