കോല്‍ക്കളി റീല്‍ വൈറലായി: വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍
കോഴിക്കോട്> പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇഷാമനെ മര്‍ദിച്ചത്. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഇഷാമിന്റെ ആരോപണം. കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് മര്‍ദിക്കാന്‍ ഇടയാക്കിയത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് തയാറായില്ല. സംഭവവുമായി 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെ ചൊല്ലി ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. Read on deshabhimani.com