കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികൾ കുറ്റക്കാർ



സ്വന്തം ലേഖിക കൊല്ലം കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്കുസമീപം ബോംബ് സ്‌ഫോടനം നടത്തിയ കേസിൽ മൂന്നുപ്രതികൾ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തി.  2016 ജൂൺ 15ന്‌ പകലാണ്‌ സ്‌ഫോടനം നടത്തിയത്‌. ശിക്ഷ സംബന്ധിച്ച വാദം ചൊവ്വാഴ്‌ച. തീവ്രവാദസംഘടനയായ ബേസ് മൂവ്മെന്റ്‌ പ്രവർത്തകരായ  ഒന്നാംപ്രതി മധുര നെല്ലൂർ ഇസ്‌മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33) രണ്ടാംപ്രതി വിശ്വനാഥ് നഗർ സ്വദേശി ഷംസൂൺ കരിംരാജ (28), മൂന്നാംപ്രതി മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനുസമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28) എന്നിവരെയാണ്‌  കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ജി ഗോപകുമാർ  കുറ്റക്കാരെന്ന്‌ വിധിച്ചത്‌. തെളിവില്ലാത്തതിനാൽ നാലാം പ്രതി ഷംസുദ്ദീനെ വിട്ടയച്ചു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഐഇഡി ബോംബ്‌ ടിഫിൻ ബോക്‌സിലാക്കി കവറിലിട്ട്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽവച്ചാണ്‌ സ്‌ഫോടനം നടത്തിയത്‌. ഒന്നാംപ്രതി അബ്ബാസ് അലിയുടെ മധുരയിലെ വീട്ടിലാണ്‌ ബോംബ് നിർമിച്ചത്‌. രണ്ടാം പ്രതി ഷംസൂൺ കരിംരാജ ഇത്‌ കലക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ചു.  സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ്‌ കരിംരാജ കലക്ടറേറ്റിൽ എത്തിയ ദൃശ്യം തെളിവായി.  കോടതികളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ബേസ് മൂവ്മെന്റ്‌  മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തി. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. മൈസൂരു സ്‌ഫോടനക്കേസ് അനേഷിച്ച എൻഐഎ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥർ 2016 നവംബർ 28ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു. ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. Read on deshabhimani.com

Related News