പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ
അഞ്ചൽ > ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മെയ് ഏഴിന് ഏറം വിഷു (വെള്ളാശേരിൽ) വീട്ടിലെ കിടപ്പുമുറിയിൽ ഉത്ര (25) മരിക്കാനിടയായതിനെക്കുറിച്ചാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. മകളെ ഭർത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി ഉത്രയുടെ അമ്മ മണിമേഖലയും അച്ഛൻ വിജയസേനനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കും അഞ്ചൽ സിഐ ക്കും പരാതി നൽകി. ഭർത്താവ് സൂരജിനൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഉത്ര. അടുത്തദിവസം രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പാമ്പുകടിയേറ്റു മരിച്ചതായാണ് അറിയിച്ചത്. പിന്നീട് മുറി പരിശോധിച്ചപ്പോൾ മൂർഖൻ പാമ്പിനെ കണ്ടെത്തി. മാർച്ച് രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽനിന്ന് ഉത്രക്ക് അണലികടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയിലായതിനാലാണ് ഉത്ര സ്വന്തം വീട്ടിൽ വന്നത്. രണ്ടാംതവണ പാമ്പുകടിയേൽക്കുമ്പോൾ എസി മുറിയിലായിരുന്നു കിടന്നത്. രണ്ടുവർഷം മുമ്പാണ് സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ഒരു വയസ്സുള്ള മകനുണ്ട്. വിവാഹത്തിനുശേഷം ഭർത്താവും വീട്ടുകാരും പണത്തിനായി ഉത്രയെയും വീട്ടുകാരെയും ശല്യം ചെയ്‌തിരുന്നു. മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കാൻ ആലോചിച്ചിരിക്കെയാണ് ആദ്യതവണത്തെ പാമ്പുകടി. മുമ്പ് ഭർത്താവ് വീടിന്റെ മുകൾനിലയിൽനിന്ന് മൊബൈൽ ഫോൺ എടുക്കാൻ ഉത്രയെ പറഞ്ഞുവിട്ടപ്പോൾ ചവിട്ടുപടിയിൽ പാമ്പിനെക്കണ്ട് ഉത്ര ബഹളം വച്ചതായും സൂരജ് വടികൊണ്ട് പാമ്പിനെ ചാക്കിലാക്കിയതായും പറയുന്നു. ആദ്യം പാമ്പുകടിയേറ്റ ദിവസം കാലിൽ വേദന തോന്നുന്നതായി ഉത്ര പറഞ്ഞപ്പോൾ സൂരജ് പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറയുകയായിരുന്നുവത്രെ. പിന്നീട് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ പരിചരിക്കുന്നതിൽനിന്ന് അച്ഛനമ്മമാരെ സൂരജ് വിലക്കുകയുംചെയ്‌തു. സാധാരണ സൂരജ് എത്തിയാൽ വീടിന്റെ മുകൾനിലയിലാണ് ഉറങ്ങാറുള്ളത്. സംഭവദിവസം ഇരുവരും ഒരേമുറിയിലാണ് കിടന്നത്. ഒരേ മുറിയിൽ കഴിഞ്ഞിട്ടും പാമ്പുകടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തുകൊണ്ട് അറിഞ്ഞില്ല എന്നതും സംശയകരമാണ് –- അച്ഛനമ്മമാർ പറഞ്ഞു. Read on deshabhimani.com