അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Photo: Wikimedia Commons


പത്തനംതിട്ട > വിനോദ സഞ്ചാരികൾക്ക് ഹരം പകർന്ന് അടവി-ഗവി-പരുന്തുംപാറ ടൂർ പാക്കേജ് ശ്രദ്ധയാകർഷിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെൻ്ററിൽ നിന്നും മുൻകൂട്ടി ബുക്കിംങ് നടത്തിയാണ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രാവലർ ഒരുക്കിയിട്ടുള്ളത്. രാവിലെ 7.30 ന് ഇവിടെ നിന്നും യാത്ര തിരിച്ച് അടവിയിലെ മനോഹാരിത ആസ്വദിച്ച് കുട്ട വഞ്ചിയാത്രയും നടത്തി തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലെത്തിച്ചേരും. സഞ്ചാര പാതയിലെ വനത്തിൻ്റെ വശ്യതയും, തണുപ്പും ആവോളം ആസ്വദിക്കുന്നതിനും, വന്യമൃഗങ്ങളെ നേരിട്ട് കാണാനും കഴിയും. കോന്നി വന വികാസ ഏജൻസിയുടെ ചുമതലയിൽ രണ്ട് ട്രാവലറുകളാണ് നിലവിലുള്ളത്. രണ്ടാമത്തെ ട്രാവലർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബറിൽ പുറത്തിറങ്ങും.16 സീറ്റുകൾ സഞ്ചാരികൾക്കായി മാറ്റി വച്ചിട്ടുണ്ട്. സഞ്ചാര പാതയിലെ മനോഹര ദൃശ്യങ്ങളും, സ്ഥലങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഡ്രൈവറെ കൂടാതെ ഒരു വഴികാട്ടിയുടെ സേവനവും വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് നേരത്തെ ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റൊന്നിന് 2200 രൂപ മുൻകൂറായി അടച്ച് ട്രാവലർ ഈ സീസണിൽ ബുക്ക് ചെയ്യാവുന്നതാണ്. മൂഴിയാർ, കക്കി, ആനത്തോട് ഡാമുകളും ഈ യാത്രയിലെ കാഴ്ചവിരുന്നാണ്. ഗവി കൂടാതെ മനോഹര വിരുന്നൊരുക്കുന്ന പരുന്തുംപാറയും കണ്ട് കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി രാത്രി 7.30 ഓടെ കോന്നിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രക്രമീകരിച്ചിട്ടുള്ളത്.   Read on deshabhimani.com

Related News