ബാലികയുടെ കൊലപാതകം: രണ്ടാനമ്മയുമായി തെളിവെടുത്തു
കോതമംഗലം നെല്ലിക്കുഴിയിൽ ഉത്തർപ്രദേശ് സ്വദേശിയായ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ അനീഷ (23)യുമായി പൊലീസ് തെളിവെടുത്തു. കോതമംഗലം എസ്‌എച്ച്‌ഒ പി ടി ബിജോയിയുടെ നേതൃത്വത്തിൽ അനീഷയെ കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ചാണ് തെളിവെടുത്തത്. കിടപ്പുമുറിയിൽവച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞു. ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയവിധം ഭാവഭേദങ്ങളില്ലാതെ വിശദീകരിച്ചു. റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ അനീഷയെ ചോദ്യം ചെയ്‌തു. തുടർന്ന് കോതമംഗലം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ആറുവയസ്സുകാരി മുസ്‌കാനെയാണ് ബുധൻ രാത്രി അനീഷ കൊലപ്പെടുത്തിയത്. സംഭവത്തിനുപിന്നിൽ കുടുംബപ്രശ്നങ്ങളും കാരണമായെന്ന് പൊലീസ് പറയുന്നു. ഭർത്താവ് അജാസ് ഖാന് ആദ്യഭാര്യയിലുള്ള കുട്ടിയാണ് മുസ്‌കാൻ. അനീഷയ്‌ക്ക് ആദ്യബന്ധത്തിൽ കുട്ടിയുണ്ട്. ഗർഭിണിയുമാണ്. സ്വന്തം കുഞ്ഞുങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതിയും ആദ്യഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന ചിന്തയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. മുസ്‌കാന്റെ മൃതദേഹം ശനി രാവിലെ പത്തിന് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിൽ ഖബറടക്കും. അനീഷയുടെ രണ്ടുവയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി. Read on deshabhimani.com