കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ മൃതദേഹം സംസ്കരച്ചു
കോതമംഗലം > നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ ആറുവയസുകാരി മുസ്‌കാന്റെ മൃതദേഹം സംസ്കരച്ചു. രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. കുട്ടിയുടെ രണ്ടാനമ്മ അനീഷയുമായി പൊലീസ് ഇന്നലെ തെളിവെടുത്തു. കോതമംഗലം എസ്‌എച്ച്‌ഒ പി ടി ബിജോയിയുടെ നേതൃത്വത്തിൽ അനീഷയെ കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ചാണ് തെളിവെടുത്തത്. കിടപ്പുമുറിയിൽവച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞു. ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയവിധം ഭാവഭേദങ്ങളില്ലാതെ വിശദീകരിച്ചു. റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ അനീഷയെ ചോദ്യം ചെയ്‌തു. തുടർന്ന് കോതമംഗലം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് അജാസ് ഖാൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി പിന്നീട് എഴുന്നേറ്റില്ല എന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള സൂചന ലഭിച്ചത്. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. സംഭവത്തിനുപിന്നിൽ കുടുംബപ്രശ്നങ്ങളും കാരണമായെന്ന് പൊലീസ് പറയുന്നു. ഭർത്താവ് അജാസ് ഖാന് ആദ്യഭാര്യയിലുള്ള കുട്ടിയാണ് മുസ്‌കാൻ. അനീഷയ്‌ക്ക് ആദ്യബന്ധത്തിൽ കുട്ടിയുണ്ട്. ഗർഭിണിയുമാണ്. സ്വന്തം കുഞ്ഞുങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതിയും ആദ്യഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന ചിന്തയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അനീഷയുടെ രണ്ടുവയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി Read on deshabhimani.com