കോട്ടയ്‌ക്കൽ നഗരസഭയിൽ ക്ഷേമപെൻഷൻ തട്ടിപ്പ് ; ഏഴാം വാർഡിൽ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹർ , വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം യുഡിഎഫ് ഭരിക്കുന്ന മലപ്പുറം കോട്ടയ്‌ക്കൽ നഗരസഭ ഏഴാം വാർഡിൽ അനർഹർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് വിജിലൻസ് അന്വേഷിക്കും. 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരാണെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഒരാൾ മരിച്ചു.ആഢംബര ബിഎംഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെയുള്ളവർ പെൻഷൻ പട്ടികയിലുണ്ട്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും, വീടുകളിൽ എയർകണ്ടീഷണർ അടക്കമുള്ളവരുമുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്രയടിയിൽ കൂടുതൽ വലിപ്പമുള്ളതാണ്. ഒരു വാർഡിൽ കൂട്ടത്തോടെ അനർഹർ ഉൾപ്പെട്ടതിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കോട്ടയ്‌ക്കൽ നഗരസഭയിലെ മുഴുവൻ പെൻഷൻ ഗുണഭോക്താക്കളുടെയും അർഹതാപരിശോധന നടത്താൻ നഗരസഭയ്‌ക്ക് നിർദേശം നൽകാൻ തദ്ദേശഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരുടെ അർഹത കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകും. Read on deshabhimani.com