കോഴിക്കോട്‌ മെഡി. കോളേജിൽ വൈറോളജി ലാബ്‌ വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ‍്



കോഴിക്കോട്‌ > ഗവ. മെഡിക്കൽ കോളേജിൽ വൈറോളജി ലാബ്‌ നിർമാണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഇതിനായി കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പിൽ സമ്മർദം ചെലുത്തും. നിപാ: അനുഭവവും പഠനവും' എന്ന വിഷയത്തിൽ വെള്ളിമാട്‌കുന്ന്‌ ജെൻഡർ പാർക്കിൽ നടന്ന ശിൽപ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നിപാ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധത്തിനായി നിസ്തുല സേവനം കാഴ്ചവച്ച ആരോഗ്യപ്രവർത്തകരുടെ അത്യധ്വാനത്തെ അഭിനന്ദിക്കുന്നു. 2018-ൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് നിപാ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് 2019-ലും 2021-ലും നിപാ ബാധിതരുണ്ടായെങ്കിലും മികച്ച പ്രതിരോധത്തിലൂടെ വ്യാപനമില്ലാതാക്കാനായി. സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ഓർമയ്ക്ക് മുന്നിൽ സ്മരണാഞ്ജലി അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.   നിപാക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ആവശ്യമുള്ള തുടർപ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചചെയ്‌തു. പകർച്ചവ്യാധികൾക്കെതിരായ മുന്നൊരുക്കങ്ങൾ, ഉറവിടങ്ങൾ, തയ്യാറെടുപ്പുകൾ, സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും എന്നിവ ചർച്ചചെയ്‌തു.   തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ, കലക്‌ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഡയറക്‌ടർ ഇൻ ചാർജ് ഡോ. വി ആർ രാജു സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News