രാഹുൽ എത്തുംവരെ സമരം നീട്ടാൻ കോൺഗ്രസ്‌ ഗൂഢാലോചന ; വൻ കലാപത്തിന്‌ പദ്ധതി



തിരുവനന്തപുരം രമേശ്‌ ചെന്നിത്തലയുടെ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തുന്നതുവരെ സെക്രട്ടറിയറ്റിന്‌ മുന്നിലെ സമരം നീട്ടാൻ കെപിസിസി നേതൃത്വത്തിൽ രഹസ്യധാരണ. രാഹുൽ ഗാന്ധി 23ന്‌ ‌ തിരുവനന്തപുരത്ത്‌ എത്തും‌. അദ്ദേഹത്തെ സമരപ്പന്തലിൽ എത്തിച്ച്‌ അതുവഴി സർക്കാരിനെതിരായ കുപ്രചാരണം ദേശീയ തലത്തിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. ഉദ്യോഗാർഥികളുമായി സർക്കാർ  ചർച്ച നടത്തിയാൽ ഒത്തുതീർപ്പിന്‌ വഴങ്ങരുതെന്ന സമ്മർദം കോൺഗ്രസ്‌ അനുകൂലികളിൽനിന്നുണ്ട്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിലുമാണ്‌ നീക്കത്തിന്‌‌ പിന്നിൽ. ചർച്ച നടത്തുമെന്ന വാർത്ത പരന്നതോടെ ഉദ്യോഗാർഥികളെ പറ്റിക്കാനാണെന്ന‌ വ്യാഖ്യാനവുമായി മുല്ലപ്പള്ളി രംഗത്തിറങ്ങിയത്‌ ഇതിന്‌ തെളിവാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത്‌ വിളിച്ചുചേർത്ത യുഡിഎഫുകാരായ പിഎസ്‌സി റാങ്കുകാരുടെ യോഗത്തിലാണ്‌ അക്രമ സമരത്തിനുള്ള ആസൂത്രണം നടത്തിയത്‌. സമരത്തിന്റെ മറവിൽ കലാപം സൃഷ്‌ടിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന്‌ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇത്‌ ശരിവയ്‌ക്കുന്ന സംഘർഷമാണ്‌ സെക്രട്ടറിയറ്റ്‌ പടിക്കൽ കണ്ടത്‌. പ്രതിപക്ഷ നേതാവിന്റെ യാത്ര തലസ്ഥാനത്ത്‌ എത്തുമ്പോൾ കൊഴുപ്പിക്കാനാണ്‌ നിർദേശം. വിവിധ ജില്ലകളിലെ യൂത്ത്‌കോൺഗ്രസ്‌, കെഎസ്‌യു നേതാക്കൾ തലസ്ഥാനത്ത്‌ തമ്പടിച്ചാണ്‌ കഴിഞ്ഞ ദിവസം അക്രമം നടത്തിയത്‌. ഏതാനും ദിവസങ്ങളായി പല ജില്ലകളിലുള്ളവർ തിരുവനന്തപുരത്ത്‌ രഹസ്യമായി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന്‌ ഇന്റലിജൻസ്‌ റിപ്പോർട്ടുണ്ട്‌. കറുത്ത ടീഷർട്ടും ഷർട്ടും ധരിച്ചാണ്‌ ഇവർ സെക്രട്ടറിയറ്റ്‌ മാർച്ചിൽ പങ്കെടുത്തത്‌. പൊലീസിനെ പ്രകോപിപ്പിച്ച്‌ സമരപ്പന്തലിലേക്ക്‌ കയറ്റാനും ഉദ്യോഗാർഥികളെ മർദിച്ചെന്ന്‌ പ്രചാരണം നടത്താനുമായിരുന്നു‌ പദ്ധതി‌. എന്നാൽ ഉദ്യോഗാർഥികൾക്ക്‌ സംരക്ഷണ വലയം തീർത്ത്‌‌ പൊലീസ്‌ കെഎസ്‌യു അക്രമത്തെ ചെറുത്തു. 13 കെഎസ്‌യു 
നേതാക്കൾക്കെതിരെ കേസ്‌ തലസ്ഥാനത്ത്‌ വ്യാഴാഴ്‌ച പൊലീസിനെ ആക്രമിച്ച്‌ കലാപമുണ്ടാക്കിയതിന്‌ 13 കെഎസ്‌യു നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. പൊലീസിനെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ, എപ്പിഡമിക്‌ ഡിസീസ്‌ ആക്ടും ചുമത്തിയാണ്‌ കേസെടുത്തിട്ടുള്ളത്‌.  കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌  കെ എം അഭിജിത്ത്‌, സംസ്ഥാന ജനറൽ സെക്രട്ടറി സബീൽ, സെക്രട്ടറി ബാഹുൽ കൃഷ്‌ണ, ജില്ലാഭാരവാഹികൾ എന്നിവരുൾപ്പെടെയാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌. പൊലീസ്‌ ശക്തമായ നടപടി സ്വീകരിച്ചതോടെ കെഎസ്‌യു പ്രവർത്തകർ ഒളിവിൽപോയി. കലാപദൃശ്യങ്ങൾ പൊലീസ്‌ പരിശോധിക്കുകയാണ്‌. Read on deshabhimani.com

Related News